| Tuesday, 19th January 2021, 2:52 pm

നടിയെ ആക്രമിച്ച കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി പ്രത്യേക കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മണികണ്ഠന്‍ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 21ന് പരിഗണിക്കും.

നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളത്തെ അഡി. സ്പെഷ്യല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്.

അതേസമയം, വിപിന്‍ലാലിന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായോ എന്ന കാര്യത്തില്‍ നാളെ വിധിയുണ്ടാകും. മാപ്പ് സാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

നേരത്തെ നടന്‍ ദിലീപിനെതിരെയുള്ള കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുമതി അനുമതി നല്‍കിയിരുന്നു.
ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു.

ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവരെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പടെ ആരോപണങ്ങളാണ് ദിലീപിനെതിരെയുള്ളത്.

മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഹരജി നല്‍കിയത്.

അതേസമയം വിചാരണക്കോടതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന രഹസ്യ വിചാരണയും 21ന് വിണ്ടും നടക്കും.

കഴിഞ്ഞ ഡിസംബറില്‍ വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വിചാരണക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Case actress attacked special court denied bail plea by two culprits

Latest Stories

We use cookies to give you the best possible experience. Learn more