| Wednesday, 7th March 2018, 7:50 pm

'താമര വളര്‍ന്ന് ജെ.സി.ബിയായി'; ത്രിപുരയില്‍ ലെനിന്റെ പ്രതിമ ബി.ജെ.പിക്കാര്‍ തകര്‍ത്തതിനെ പരിഹസിച്ച് ബി.ബി.സിയില്‍ കാര്‍ട്ടൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിജയത്തിനു പിന്നാലെ ത്രിപുരയില്‍ അക്രമപരമ്പര തുടരുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലെനിന്റെ പ്രതിമ തകര്‍ത്തിരുന്നു. ജെ.സി.ബി ഉപയോഗിച്ചാണ് ലെനിന്റെ പ്രതിമ തകര്‍ത്തത്. ബി.ജെ.പിക്കാരുടെ ഈ നടപടിയെ പരിഹസിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബി.ബി.സി.

ബി.ബി.സിയുടെ ഹിന്ദി വിഭാഗം വെബ്‌സൈറ്റിലാണ് ബി.ജെ.പിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ബി.ജെ.പിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മൂന്നു ഭാഗങ്ങളാണ് കാര്‍ട്ടൂണിന് ഉള്ളത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര നോക്കി നില്‍ക്കുന്ന ത്രിപുരയിലെ പൗരനാണ് ആദ്യ ഭാഗത്തില്‍. പിന്നീട് താമര വളര്‍ന്ന് വലുതാകുന്നത് ആശങ്കയോടെ അയാള്‍ നോക്കുന്നതും ഒടുക്കം താമര ഉഭീമാകാരനായ ജെ.സി.ബിയുടെ കൈ ആയി രൂപം മാറുന്നത് കണ്ട് പേടിക്കുന്നതുമാണ് കാര്‍ട്ടൂണില്‍ രസകരമായി ചിത്രീകരിച്ചിരിക്കുന്നത്. ലെനിന്റെ പ്രതിമ തകര്‍ത്ത വാര്‍ത്തയും കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വിജയാഘോഷത്തിന്റെ പേരില്‍ ത്രിപുരയിലെ ലെനിന്‍ പ്രതിമകള്‍ ബി.ജെ.പിക്കാര്‍ തകര്‍ത്തത്. ജെ.സി.ബി ഉപയോഗിച്ചാണ് ബെലോണിയയില്‍ സ്ഥാപിച്ചിരുന്ന പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ത്ത ശേഷം പ്രതിമയുടെ തലഭാഗം ഉപയോഗിച്ച് പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിക്കുകയും ചെയ്തിരുന്നു.

ബി.ബി.സി ഹിന്ദി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍:

വീഡിയോ:

We use cookies to give you the best possible experience. Learn more