|

ജെഫ് ബെസോസിനേയും ട്രംപിനേയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചില്ല; വാഷിങ്ടണ്‍ പോസ്റ്റിലെ ജോലി രാജിവെച്ച് കാര്‍ട്ടൂണിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ജെഫ് ബെസോസിനേയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാത്ത വാഷിങ്ടണ്‍ പോസ്റ്റിന്റെ നടപടിയെത്തുടര്‍ന്ന് ജോലി രാജിവെച്ച് കാര്‍ട്ടൂണിസ്റ്റ് ആന്‍ ടെല്‍നാസ്.

പുലിസ്റ്റര്‍ പ്രൈസ് ജേതാവ് കൂടിയായ ആന്‍ ടെല്‍നാസ് പത്ര ഉടമയും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസും മറ്റ് മാധ്യമ മുതലാളിമാരും ട്രംപിന് മുമ്പാകെ തൊഴുത് നില്‍ക്കുന്ന കാര്‍ട്ടൂണ്‍ വരച്ചിരുന്നു. എന്നാല്‍ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ പത്രത്തിന്റെ എഡിറ്റര്‍ അനുമതി നല്‍കാതിരുന്നതോടെ ടെല്‍നാസ് സ്വമേധയാ രാജിവെക്കുകയായിരുന്നു.

ട്രംപിന്റെ എസ്റ്റേറ്റിലേക്കുള്ള കോര്‍പ്പറേറ്റ് മുതലാളിമാരുടെ സന്ദര്‍ശനവും ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള അവരുടെ മെഗാസംഭവാനകളും പശ്ചാത്തലമാക്കിയുള്ള കാര്‍ട്ടൂണ്‍ ആണിത്.

ട്രംപിന്റെ ഉദ്ഘാടന ഫണ്ടിലേക്ക് ആമസോണ്‍ ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് ബെസോസ്‌ പ്രഖ്യാപിച്ചിരുന്നു.

ബെസോസിന് പുറമെ മറ്റ് കോര്‍പ്പറേറ്റ് ഭീമന്‍മാരായ മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗും ലോസ് ഏഞ്ചല്‍സ് ടൈംസ് ഉടമ പാട്രിക് സൂണ്‍-ഷിയോങ്ങും ഓപ്പണ്‍ എ.ഐയുടെ സാം ആള്‍ട്ട്മാന്‍, മിക്കി മൗസ് എന്നിവരും കാര്‍ട്ടൂണില്‍ ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള എ.ബി.സി ന്യൂസ് കഴിഞ്ഞ മാസം ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് തീര്‍പ്പാക്കാന്‍ 15 മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചിരുന്നു.

ഇവരെല്ലാവരും തന്നെ ട്രംപിന്റെ പ്രതിമയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് പണം നല്‍കുന്നതായാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ പിന്തുണക്കുന്നതില്‍ നിന്ന് നേരത്തെ വാഷിങ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ ബോര്‍ഡ്, ജീവനക്കാരെ തടഞ്ഞിരുന്നു. ഇതോടെ എഡിറ്റോറിയല്‍ ടീമില്‍ നിന്ന് ജീവനക്കാര്‍ കൂട്ടമായി രാജിവെച്ചിരുന്നു.

ക്രിസ്മസിന് മുമ്പ് ടെല്‍നാസ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണത്തിനായി സമര്‍പ്പിച്ചെങ്കിലും ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. 2008 മുതല്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെ ജീവനക്കാരിയാണ് ടെല്‍നാസ്.

എന്നാല്‍ ആവര്‍ത്തനം ഒഴിവാക്കാനാണ് കാര്‍ട്ടൂണ്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് പത്രത്തിന്റെ എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ഡേവിഡ് ഷിപ്ലി പറഞ്ഞു. അല്ലാതെ പത്രത്തിന്റെ ഉടമയെ പരിഹസിച്ചതുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Cartoon criticizing Jeff Bezos and Trump not published; Cartoonist resigns from Washington Post