കൊച്ചി: ഈ വര്‍ഷത്തെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെതിരെ ഹൈന്ദവീയം ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പുരസ്‌കാരം റദ്ദാക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്.
കാര്‍ട്ടൂണ്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അതിന് പുരസ്‌കാരം നല്‍കുന്നതു തടയണമെന്നും പറയുന്നു. ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ദേശവിരുദ്ധമായ ചിത്രങ്ങള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കുന്ന അക്കാദമിയുടെ ഗവേണിംഗ് സമിതിയെ പുറത്താക്കണമെന്നും പുരസ്‌കാര നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണനാണ് ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നത്. 2020 മാര്‍ച്ചില്‍ വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്.
സവര്‍ണ ഫാസിസ്റ്റ് മനോഭാവങ്ങളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണാണിത്. ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പശുവിന്റെ രൂപത്തില്‍ കാവി പുതച്ച സന്യാസിയെയാണ് കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്.