| Saturday, 7th April 2012, 9:23 am

ഭരണഘടനാ രൂപീകരണം വൈകിച്ചത് അംബേദ്കറെന്ന് പാഠപുസ്തകം; പ്രതിഷേധവുമായി ദളിത് സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.സി.ആര്‍.ടി പാഠപുസ്തകത്തില്‍ അംബേദ്കറെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ പിന്‍വലിക്കണണെന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്ത്. എന്‍.സി.ആര്‍.ടിയുടെ പതിനൊന്നാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് അംബേദ്കറെ മോശമാക്കുന്ന കാര്‍ട്ടൂണുള്ളത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചിത്രമാണ് പാഠപുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്.

ഇന്ത്യന്‍ ഭരണഘടനാ രൂപീകരണം വളരെ മന്ദഗതിയിലായിരുന്നുവെന്ന് കാണിക്കുന്ന തരത്തിലാണ് കാര്‍ട്ടൂണ്‍. ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നെഴുതിയ ഒച്ചിന്റെ മുകളില്‍ അംബേദ്കര്‍ കയറിയിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ഒച്ചിനെ തള്ളിനീക്കാന്‍ ശ്രമിക്കുന്നു- ഇതാണ് കാര്‍ട്ടൂണ്‍ പറയുന്നത്. ഭരണഘടന ഡ്രാഫ്റ്റ് ചെയ്യാന്‍ മൂന്ന് വര്‍ഷമെടുത്തതിന് കാരണം അംബേദ്കറാണെന്ന തരത്തിലാണ് പുസ്തകം കുറ്റപ്പെടുത്തുന്നത്.

എന്നാല്‍ ശങ്കര്‍ തന്റെ ചിത്രത്തിലൂടെ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുക മാത്രമാണ് കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതിന്റെ ഉദ്ദേശമെന്ന് എന്‍.സി.ആര്‍.ടി അധികൃതര്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധവുമായി ദളിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ” അംബേദ്കറെ അപമാനിക്കുകയല്ലാതെ മറ്റൊരു ലക്ഷ്യവും ഇതിനില്ല. രാജ്യത്തെ 17 ശതമാനം ജനങ്ങളുടെ വികാരം എന്‍.സി.ആര്‍.ടിക്ക് കാണാന്‍ കഴിയാതെ പോയി”- ജവഹര്‍ലാല്‍ നെഹ്രു സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രൊഫസര്‍ ഡോ.യഗതി ചിന്ന റാവു വ്യക്തമാക്കി.

സംഭവത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും പാഠഭാഗങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാത്തത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പക്ഷപാതിത്വമാണ് തെളിയിക്കുന്നതെന്ന് ദളിത് സംഘടനകള്‍ ആരോപിക്കുന്നു. രാജ്യത്ത് പലയിടങ്ങളിലും അംബേദ്കര്‍ പ്രതിമകള്‍ തകര്‍ക്കുന്ന ബ്രാഹ്മണ്യ ചിന്ത തന്നെയാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more