ഇത് രാജഭരണത്തെപ്പോലും തുള്ളലിലൂടെ കളിയാക്കിയ കുഞ്ചന്‍ നമ്പ്യാരുടെ നാട്, ആവിഷ്‌കാരസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന ശില; ബി.ജെ.പിക്ക് മറുപടിയുമായി അക്കാദമി
തൃശൂര്‍: ലളിതകലാ അക്കാദമി പുരസ്‌കാരം ലഭിച്ച കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി. അക്കാദമി തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ മികച്ച കാര്‍ട്ടൂണിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വിവാദം ദൗര്‍ഭാഗ്യകരമാണെന്നാണ് കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രതികരണം.
രാജഭരണത്തെപ്പോലും തുള്ളലിലൂടെ കളിയാക്കിയ കുഞ്ചന്‍ നമ്പ്യാരുടെയും ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെയും നാടായ കേരളത്തിന് ഈ വിവാദം അപമാനമാണെന്നും അക്കാദമി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഒപ്പം ആവിഷ്‌കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളാണ് എന്നും അക്കാദമി കൂട്ടിച്ചേര്‍ത്തു.
വിവാദത്തിന് ആസ്പദമായ കാര്‍ട്ടൂണ്‍ 2020 മാര്‍ച്ച് 5 ന് വരച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ്. അക്കാലത്ത് ഇത്തരം നിരവധി കാര്‍ട്ടൂണുകള്‍ ദേശീയ മാധ്യമങ്ങളിലും വന്നിട്ടുണ്ടെന്നും അക്കാദമി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണായിരുന്നു ഈ വര്‍ഷത്തെ ലളിതാകല അക്കാദമിയുടെ പുരസ്‌കാരം നേടിയത്. ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പശുവിന്റെ രൂപത്തില്‍ കാവി പുതച്ച സന്യാസിയിരിക്കുന്നതായിട്ടായിരുന്നു കാര്‍ട്ടൂണ്‍. പുരസ്‌കാര പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ തന്നെ കാര്‍ട്ടൂണിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.
തനിക്കെതിരെ ഭീകരമായ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അനൂപ് രാധാകൃഷ്ണന്‍ പറഞ്ഞു.
2020 മാര്‍ച്ചില്‍ വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് വര. വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കുമെന്നും അനൂപ് പറഞ്ഞു.
കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ വെറുതെ വിടുമെന്ന് കരുതേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അക്കാദമിയുടെ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം
കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെച്ചൊല്ലി ഉയര്‍ന്ന വിവാദം വളരെ ദൗര്‍ഭാഗ്യകരമാണ്. വിമര്‍ശന കലയാണ് കാര്‍ട്ടൂണ്‍. ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാര്‍ട്ടൂണില്‍ വിമര്‍ശിക്കപ്പെടാറുണ്ട്.
ജനകീയമായതിനാല്‍ അവ ശ്രദ്ധിക്കപ്പെടുന്നു. ചര്‍ച്ച ചെയ്യപ്പെടുന്നു. കൈയ്യടികളും വിമര്‍ശനവുമെല്ലാം സ്വാഭാവികം. പക്ഷേ അതിരുവിട്ട ആക്ഷേപങ്ങളും സൈബര്‍ ആക്രമണവും തീര്‍ത്തും അപലപനീയമാണ്. അന്നന്നത്തെ വാര്‍ത്തകളെ ആസ്പദമാക്കിയാണ് എല്ലാ കാര്‍ട്ടൂണിസ്റ്റുകളും വരയ്ക്കുന്നത്.
വിവാദത്തിന് ആസ്പദമായ കാര്‍ട്ടൂണ്‍ 2020 മാര്‍ച്ച് 5 ന് വരച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ്. 2019- 2020 വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് കേരള ലളിതകലാ അക്കാദമി, 2020 സെപ്റ്റംബര്‍ ഒന്‍പതിനാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. കൊവിഡ് സാഹചര്യത്തില്‍ അവാര്‍ഡ് നിര്‍ണയം നീണ്ടു പോയി. ഇപ്പോള്‍ അത് നടന്നു.
വസ്തുതകള്‍ ഇതായിരിക്കെ ഇത് മനസിലാക്കാതെയാണ് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നത്. അക്കാലത്ത് ഇത്തരം നിരവധി കാര്‍ട്ടൂണുകള്‍ ദേശീയ മാധ്യമങ്ങളിലും വന്നിട്ടുണ്ട്. ഇതെല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്.
രാജഭരണത്തെപ്പോലും തുള്ളലിലൂടെ കളിയാക്കിയ കുഞ്ചന്‍ നമ്പ്യാരുടെയും ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെയും നാടായ കേരളത്തിന് ഈ വിവാദം അപമാനമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളാണ് എന്ന് നാം ഓര്‍മിക്കേണ്ടതുണ്ട്.