[] ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സണ് കിരീടം.
നിലവിലെ ലോക ചാമ്പ്യനും അഞ്ച് തവണ ലോകചാമ്പ്യനുമായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയാണ് 22 കാരനായ കാള്‍സണ്‍ ലോകചാമ്പ്യനായത്.
മത്സരത്തില്‍ ആദ്യം 6.5 പോയിന്റ് നേടുന്നയാളാണ് ലോക ചാമ്പ്യന്‍. പത്താം മത്സരം സമനിലയില്‍ ആയതോടെ കാള്‍സണ്‍ ആറര പോയിന്റും ആനന്ദ് മൂന്ന് പോയിന്റും സ്വന്തമാക്കി.
ഇതുവരെയുള്ള 10 ഗെയിമുകളില്‍ ഏഴെണ്ണം സമനിലയിലായപ്പോള്‍ മൂന്നെണ്ണത്തിലും കാള്‍സണിനായിരുന്നു വിജയം. രണ്ട് മത്സരങ്ങള്‍ അവശേഷിക്കവേയാണ് കാള്‍സണ്‍ കിരീടം സ്വന്തമാക്കിയത്.
ലോകചെസ് കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് 2010 മുതല്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുന്ന കാള്‍സണ്‍. 2010 ജനവരിയില്‍ 19 വയസ്സിലാണ് കാള്‍സണ്‍ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.
കഴിഞ്ഞ രണ്ട് വര്‍ങ്ങളിലും ഏറ്റ് മുട്ടിയ 19 പ്രാവശ്യവും ആനന്ദിന് കാള്‍സണെ തോല്‍പ്പിക്കാനായിരുന്നില്ല. അഞ്ച് പ്രാവശ്യം ലോകചാമ്പ്യനായ ആനന്ദിന് പക്ഷേ കഴിഞ്ഞ കാലത്തെ പ്രകടനം ഇക്കുറി ആവര്‍ത്തിക്കാനായില്ല.