അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കില്‍ അര്‍ജന്റീന ലോകകപ്പുയര്‍ത്തും; ടീമിനെ പുകഴ്ത്തി മുന്‍ താരം
Football
അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കില്‍ അര്‍ജന്റീന ലോകകപ്പുയര്‍ത്തും; ടീമിനെ പുകഴ്ത്തി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th July 2022, 5:09 pm

കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച പ്രകടനമാണ് അര്‍ജന്റീന ടീം കാഴ്ചവെക്കുന്നത്. കോച്ച് ലയണല്‍ സ്‌കലോനിയുടെയും ലയണല്‍ മെസിയുടെയും കീഴില്‍ കഴിഞ്ഞ 32 കളിയില്‍ തോല്‍വിയറിയാതെയാണ് ടീം മുന്നേറുന്നത്.

ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് അര്‍ജന്റീന. ലോകം മൊത്തം ആവേശത്തില്‍ നോക്കിയിരിക്കുന്ന ലോകകപ്പില്‍ ആര് വിജയിക്കും എന്ന പ്രവചനങ്ങള്‍ സജീവമാണ്.

അര്‍ജന്റീന ലോകകപ്പ് നേടുമെന്ന് ഒരുപാട് താരങ്ങള്‍ പ്രവചിച്ചിരുന്നു. നിലവില്‍ അര്‍ജന്റീന കപ്പുയര്‍ത്തുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ താരമായ കാര്‍സലോസ് ടെവസ്.

1986 ല്‍ ആണ് അര്‍ജന്റീന അവസാനമായി ലോക കിരീടത്തില്‍ മുത്തമിട്ടത്.എന്നാല്‍ ഈ വര്‍ഷം അര്‍ജന്റീക്ക് മികച്ച അവസരമുണ്ടെന്ന് കാര്‍ലോസ് ടെവസ് അവകാശപ്പെട്ടു. ലയണല്‍ മെസി ഖത്തറില്‍ ലോകകപ്പുയര്‍ത്തിയാല്‍ വളരെയധികം സന്തോഷിപ്പിക്കുമെന്നും വളരെ ഐക്യമുള്ള ഒരു ഗ്രൂപ്പാണ് അര്‍ജന്റീനയെന്നും അദ്ദേഹം പറഞ്ഞു.

”ഖത്തറില്‍ ലയണല്‍ മെസി ലോകകപ്പ് ഉയര്‍ത്തിയാല്‍ അത് എന്നെ വളരെയധികം സന്തോഷിപ്പിക്കും. വളരെ ഐക്യമുള്ള ഒരു ഗ്രൂപ്പിനെ ഞാന്‍ ഇപ്പോള്‍ കാണുന്നു. അവര്‍ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നു,അത് സാധാരണമല്ല. കപ്പ് ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് വലിയ അവസരങ്ങളുണ്ട്” ടെവസ് പറഞ്ഞു.

ടീമെന്ന നിലയില്‍ മികച്ച മുന്നേറ്റമാണ് അര്‍ജന്റീന കാഴ്ചവെക്കുന്നത്. പ്രതിരോധവും ആക്രമണവും ഒരുപോലെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ടീമിന് സാധിക്കുന്നുണ്ട്.

28 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് കഴിഞ്ഞ വര്‍ഷം കോപ്പ കിരീടം നേടിയ അര്‍ജന്റീന കഴിഞ്ഞ മാസം ഇറ്റലിക്കെതിരായ 3-0 എന്ന വിജയത്തിത്തോടെ മറ്റൊരു കിരീടവും സ്വന്തം പേരില്‍ ചേര്‍ത്തു. ലോകകപ്പ് ആരംഭിക്കാന്‍ കുറച്ച് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അര്‍ജന്റീനയും മെസിയും വലിയ പ്രതീക്ഷയിലാണുളളത്. ലോക കിരീടത്തോടെ തന്റെ കരിയര്‍ പൂര്‍ണമാക്കാനുള്ള പുറപ്പാടിലാണ് മെസി.

Content Highlights: Carlos Tevez says Argentina will win  Qatar Worldcup 2022