| Tuesday, 3rd September 2024, 8:32 pm

റൊണാള്‍ഡോ ഏറെ കഠിനാധ്വാനം ചെയ്യണം, എന്നാല്‍ മെസിക്ക് അതിന്റെയൊന്നും ആവശ്യമില്ല; തുറന്നുപറഞ്ഞ് മുന്‍ അര്‍ജന്റീന താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മിലുള്ള പ്രധാന വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം കാര്‍ലോസ് ടെവസ്. ഇരുവരും ലോകത്തിലെ തന്നെ മികച്ച ഫുട്‌ബോളര്‍മാരാണെന്നും എന്നാല്‍ ആ സ്ഥാനത്തേക്ക് ഇരുവരുമെത്തിയ രീതി വ്യത്യസ്തമാണെന്നുമാണ് ടെവസ് പറയുന്നത്.

ഏറെ കഠിനാധ്വാനം ചെയ്താണ് ക്രിസ്റ്റ്യാനോ ഈ സ്ഥാനത്തെത്തിയതെന്നും എന്നാല്‍ ലയണല്‍ മെസി ബോണ്‍ ടാലെന്റാണെന്നുമാണ് ടെവസ് പറയുന്നത്. 2018ല്‍ ഇസ്.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ടെവസ് രണ്ട് ഇതിഹാസങ്ങളെയും കുറിച്ച് പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ മെസിയില്‍ നിന്ന് ഏറെ വ്യത്യസ്തനാണ്. ലിയോ കളിക്കാന്‍ ആരംഭിക്കുമ്പോള്‍ ജിം ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ റൊണാള്‍ഡോയാകട്ടെ രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം അവിടെ തന്നെയായിരുന്നു.

മികച്ച താരമായി മാറാന്‍ റൊണാള്‍ഡോ ഏറെ കഷ്ടപ്പെടണമായിരുന്നു, എന്നാല്‍ മെസിയുടെ കാര്യമെടുക്കുമ്പോഴോ, അവന്‍ നാച്ചുറല്‍ ടാലന്റാണ്. ഇതാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസം.

ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായാണ് ഞാന്‍ ഇരുവരെയും കണക്കാക്കുന്നത്. മെസിയെ സംബന്ധിച്ച് മൂന്ന് ഗോള്‍ നേടുന്നത് സാധാരണമാണ്,’ ടെവസ് പറഞ്ഞു.

യൂറോപ്പിലെ ഫുട്‌ബോള്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട ഇരുവരും തങ്ങളുടെ മുപ്പതുകളുടെ മധ്യത്തിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായി പന്തുതട്ടുമ്പോള്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് റോണോ കളത്തിലിറങ്ങുന്നത്.

നിലവില്‍ പരിക്കിന്റെ പിടിയിലായ മെസി മയാമിക്കായി കളത്തിലിറങ്ങുന്നില്ല. എന്നാല്‍ താരത്തിന്റെ തിരിച്ചുവരവ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം, കരിയറിലെ 900ാം ഗോള്‍ എന്ന ലക്ഷ്യവുമായാണ് റൊണാള്‍ഡോ അടുത്ത മത്സരങ്ങള്‍ക്കിറങ്ങുന്നത്. നിലവില്‍ 899 ഗോളുകള്‍ തന്റെ പേരില്‍ കുറിച്ച പോര്‍ച്ചുഗല്‍ ലെജന്‍ഡിന് ഒറ്റ ഗോള്‍ കൂടി നേടാന്‍ സാധിച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന ഐതിഹാസിക റെക്കോഡും സ്വന്തമാക്കാന്‍ സാധിക്കും.

Content Highlight: Carlos Tevez about Lionel Messi and Cristiano Ronaldo

We use cookies to give you the best possible experience. Learn more