| Monday, 4th September 2023, 5:47 pm

മെസിയെക്കൊണ്ട് 2026 ലോകകപ്പ് കളിക്കാന്‍ സാധിക്കില്ല... കാരണം തുറന്ന് പറഞ്ഞ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് 2026 ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം കാര്‍ലോസ് ടെവസ്. ലോകകപ്പ് പോലെ ഒരു വേദിയില്‍ കളിക്കാര്‍ മികച്ച രീതിയില്‍ പ്രകടനം നടത്തണമെന്നും ഫോമിന്റെ പീക്കില്‍ ആയിരിക്കണമെന്നും പറഞ്ഞ ടെവസ് മെസിയുടെ പ്രായം അതിന് അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി.

മുണ്ടോ ഡി പോര്‍ട്ടീവോക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസിയുടെ സഹതാരം കൂടിയായ ടെവസ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലും മെക്‌സിക്കോയിലുമായി നടക്കുന്ന 2026 ലോകകപ്പില്‍ മെസിക്ക് കളിക്കാനാകുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് തോന്നുന്നില്ല. അതിനുള്ള പ്രധാന കാരണം അവന്റെ പ്രായം തന്നെയാണ്. ലോകകപ്പ് അടുത്തുവരുമ്പോള്‍ താന്‍ പഴയയത് പോലെയല്ല എന്നവന്‍ മനസിലാക്കും. ടീമിലുണ്ടെങ്കില്‍ 20ാം വയസില്‍ താന്‍ ടീമിന് വേണ്ടി പുറത്തെടുത്ത അതേ പ്രകടനം തന്നെയാകും 2026ലും അവര്‍ ആവശ്യപ്പെടാന്‍ പോകുന്നത് എന്ന വസ്തുത അവന്‍ മനസിലാക്കാന്‍ പോകുന്നു. ഇക്കാരണത്താല്‍ അവന്‍ ഉണ്ടാകില്ല എന്ന തന്നെയാണ് ഞാന്‍ കരുതുന്നത്,’ ടെവസ് പറഞ്ഞു.

മെസി തന്റെ ഫുട്‌ബോള്‍ കരിയര്‍ സമ്പൂര്‍ണമാക്കിയെന്നും ഇനിയൊന്നും നേടാനില്ലാത്തതിനാല്‍ തുടര്‍ന്ന് കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ടെവസ് പറഞ്ഞു. എന്നാല്‍ ലയണല്‍ മെസി മികച്ച രീതിയില്‍ അത് മറികടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇനിയൊന്നും നേടാനില്ലാത്തതിനാല്‍ തുടര്‍ന്ന് കളിക്കുന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ലിയോ ഇപ്പോഴും വളരെ മികച്ച രീതിയില്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗോളടിച്ചും അടിപ്പിച്ചും അവന്‍ കളിക്കളത്തില്‍ തുടരുകയാണ്. അവനെ കുറിച്ച് എന്താണ് പറയാന്‍ സാധിക്കുക. അവന്‍ മറ്റൊരു തരത്തിലുള്ള ഫുട്‌ബോളാണ് കളിക്കുന്നത്,’ ടെവസ് പറഞ്ഞു.

അതേസമയം, മേജര്‍ ലീഗ് സോക്കറില്‍ മെസി മാജിക് തുടരുകയാണ്. ലോസ് ഏഞ്ചലസിനെതിരായ മത്സരത്തില്‍ രണ്ട് അസിസ്റ്റുമായാണ് മെസി തിളങ്ങിയത്. മത്സരത്തില്‍ മയാമി ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ചിരുന്നു.

ലോസ് ഏഞ്ചലസിനെതിരായ വിജയത്തോടെ തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ലെന്ന നേട്ടം സ്വന്തമാക്കാനും ഇന്റര്‍ മയാമിക്ക് സാധിച്ചു. ഇന്റര്‍ മയാമിക്കായി ഫകുണ്ടോ ഫാരിയസ്, ജോര്‍ഡി ആല്‍ബ, ലിയനാഡോ കംപാന എന്നിവരാണ് ഗോളുകള്‍ നേടിയത്. അതേസമയം റയാന്‍ ഹോളിങ്സ് ഹെഡിന്റെ വകയായിരുന്നു ലോസ് ഏഞ്ചലസിന്റെ ആശ്വാസ ഗോള്‍.

മത്സരത്തിന്റെ 14ാം മിനിട്ടില്‍ ഫകുണ്ടോ ഫാരിയസ് ആണ് ഇന്റര്‍ മയാമിക്കായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും സ്‌കോര്‍ ചെയ്യാന്‍ ഇന്റര്‍ മയാമിക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലെ 51ാം മിനിട്ടില്‍ മെസിയുടെ മനോഹര പാസ് സ്വീകരിച്ച ജോര്‍ഡി ആല്‍ബ രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ 83ാം മിനിട്ടില്‍ മെസിയുടെ പാസില്‍ നിന്നും പന്ത് സ്വീകരിച്ച കംപാന മൂന്നാം ഗോള്‍ നേടി. 90ാം മിനുട്ടിലായിരുന്നു ലോസ് ഏഞ്ചലസിന്റെ ആശ്വാസ ഗോള്‍ പിറന്നത്.

Content highlight: Carlos Tevez about Lionel Messi

We use cookies to give you the best possible experience. Learn more