ജപ്പാനെതിരായ മത്സരത്തില്‍ പെനാല്‍റ്റിക്ക് കാരണക്കാരനായ കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന്
വധഭീഷണി. സോഷ്യല്‍മീഡിയ വഴിയാണ് സാഞ്ചസിന് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ കൊളംബിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1994ലെ ലോകകപ്പില്‍ സെല്‍ഫ്‌ഗോളടിച്ചതിന്റെ പേരിലാണ് കൊളംബിയന്‍ താരമായ ആന്ദ്രെ എസ്‌കോബാര്‍ കൊല്ലപ്പെടുന്നത്. 1990-ലും “94-ലും ലോകകപ്പില്‍ കൊളംബിയയുടെ ഡിഫന്‍ഡറായിരുന്നു ആന്ദ്രെ എസ്‌കോബാര്‍.അന്ന് എസ്‌കോബാറിന്റെ ശരീരത്തിലേക്ക് തുളച്ച് കയറിയത് 12 ബുള്ളറ്റുകളായിരുന്നു.
ജപ്പാനെതിരായ മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ പെനാല്‍റ്റി ബോക്സില്‍ വച്ച് സാഞ്ചസ് പന്തു കൈ കൊണ്ട് തടുത്തതിനെത്തുടര്‍ന്ന് റഫറി ചുവപ്പ് കാര്‍ഡ് കാട്ടുകയും പെനാല്‍റ്റി വിധിക്കുകയും ചെയ്തു. ജപ്പാന്റെ കാഗ്വ അതു ഗോളാക്കി.
മൂന്നാം മിനിട്ടില്‍ പത്തുപേരായി ചുരുങ്ങിയ കൊളംബിയ അവസാന നിമിഷം വരെ പൊരുതിയിട്ടും 2-1 നായിരുന്നു വീണത്. ഇതിനു പിന്നാലെ ഓണ്‍ലൈനിലൂടെയും മറ്റും സാഞ്ചസിനെതിരെ കൊലവിളികള്‍ ആരംഭിക്കുകയായിരുന്നു.
കൊളംബിയക്കായി 80 മത്സരങ്ങള്‍ കളിച്ച സാഞ്ചസ് ടീമിലെ അവിഭാജ്യ ഘടകമാണെന്ന് കോച്ച് ജോസെ പെകര്‍മാന്‍ പറഞ്ഞിരുന്നു. ഞായറാഴ്ച ഇരുടീമുകള്‍ക്കും ജയം അനിവാര്യമായ മത്സരത്തില്‍ കൊളംബിയയ്ക്ക് പോളണ്ടിനെയാണ് നേരിടേണ്ടത്. ചുവപ്പ് കാര്‍ഡ് ലഭിച്ചത് കൊണ്ട് സാഞ്ചസിന് ഈ മത്സരം നഷ്ടമാകും.