| Sunday, 22nd September 2024, 10:15 pm

ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി ഞാൻ അവന്റെ പേര് പറയും: പുയോൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മിന്നും പ്രകടനങ്ങളിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

റൊണാള്‍ഡോ മെസി എന്നിവരിൽ ആരാണ് മികച്ചത് എന്നതിനെക്കുറിച്ച് മുന്‍ സ്പാനിഷ് താരം കാർലോസ് പുയോള്‍ തന്റെ അഭിപ്രായം പറഞ്ഞിരുന്നു. ലയണല്‍ മെസി റൊണാള്‍ഡോയേക്കാള്‍ മികച്ചതാണെന്നാണ് പുയോള്‍ പറഞ്ഞത്. ട്രിബ്യുണ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ സ്പാനിഷ് താരം.

‘ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. പക്ഷേ എന്റെ അഭിപ്രായത്തില്‍ മെസിയാണ് മികച്ചത്. അവര്‍ രണ്ട് പേരും തമ്മിലുള്ള മത്സരം വളരെ തീവ്രതയുള്ളതാണ്. അവര്‍ വിശ്രമമില്ലാതെയാണ് ഫുട്ബോള്‍ കളിക്കുന്നത്. ഇത് ഇരുവരെയും മെച്ചപ്പെടുത്താന്‍ സഹായിച്ചതായി ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം മെസി തന്നെയാണ് മികച്ച താരം. ഞാന്‍ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. അവന്റെ കൂടെ ഞാന്‍ വളരെയധികം സന്തോഷവാനായിരുന്നു. അവന്‍ വര്‍ഷങ്ങളിലായി സ്ഥിരതയോടെയാണ് കളിക്കുന്നത്. ഓരോ സീസണിലും അവന്‍ മികച്ച പ്രകടങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു,’ പുയോള്‍ പറഞ്ഞു.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 905 മത്സരങ്ങളില്‍ നിന്നും 737 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു.

പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

Content Highlight: Carlos Puyol Talks About Lionel Messi

We use cookies to give you the best possible experience. Learn more