റിയോ ഡി ജനീറോ: ഫുട്ബാള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന് തടവ് ശിക്ഷ. മക്കള്‍ക്ക് ജീവനാംശം നല്‍കാത്തതിനാലാണ് റിയോയിലെ ഇറ്റാപൂര്‍ണ്ണ കുടുംബ കോടതി കാര്‍ലോസിന് മൂന്നു മാസത്തേയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചത്.
20000 ഡോളറാണ് മക്കളുടെ ചെലവിനായി കാര്‍ലോസ് നല്‍കേണ്ടത്. എന്നാല്‍ ഇത് നല്‍കാത്തതിനാലാണ് കാര്‍ലോസിനെതിരെ കോടതി കടുത്ത ശിക്ഷ വിധിച്ചത്.
മുന്‍ ഭാര്യ ബാര്‍ബറ തേളറിലുള്ള മക്കളുടെ ജീവിത ചെലവ് വഹിക്കണമെന്ന് കാര്‍ലോസിനോട് മുമ്പ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. പല വിവാഹ ബന്ധങ്ങളിലായി കാര്‍ലോസിന് ഒമ്പത് കുട്ടികളുണ്ട്.
ബ്രസീലിനുവേണ്ടി മൂന്ന് ലോകകപ്പുകളില്‍ ജഴ്‌സിയണിഞ്ഞിട്ടുള്ള കാര്‍ലോസ് ലോകഫുട്ബാളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളാണ്. 2006 ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് ബ്രസീല്‍ പുറത്തുപോയതോടെ കാര്‍ലോസ് ദേശീയ ടീമില്‍നിന്നു വിരമിച്ചു. നിലവില്‍ റയല്‍ മാഡ്രിഡ്രിന്റെ അംബാസിഡറാണ് കാര്‍ലോസ്.