| Wednesday, 9th February 2022, 4:50 pm

കൊല്‍ക്കൊത്തയുടെ സ്വന്തം ഈഡന്‍ ഗാര്‍ഡന്‍സിന്റെ പെരുമ ഇനി അങ്ങ് വെസ്റ്റ് ഇന്‍ഡീസിലും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് ഗ്രൗണ്ടാണ് ഈഡന്‍ ഗാര്‍ഡന്‍സ്. മുംബൈയിലെ വാംഖഡെയും ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയും പോലെ ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടുകളിലൊന്നാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സും.

ഇപ്പോഴിതാ ഈഡന്‍ ഗാര്‍ഡന്‍സിന്റെ പേരും പെരുമയും വെസ്റ്റ് ഇന്‍ഡീസിന്റെ മണ്ണിലും അറിയപ്പെടാനൊരുങ്ങുകയാണ്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ കാര്‍ലോസ് ബ്രാത്‌വൈറ്റ് തന്റെ മകള്‍ക്ക് നല്‍കിയ പേരിലൂടെയാണ് ഈഡന്‍ ഗാര്‍ഡന്‍സ് കരീബിയന്‍ നാടുകളിലും അറിയപ്പെടാന്‍ പോകുന്നത്.

ഈഡന്‍ റോസ് എന്നാണ് ബ്രാത്‌വൈറ്റ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

2016 ടി-20 ലോകകപ്പില്‍ വിന്‍ഡീസിനെ വിജയകിരീടം ചൂടിച്ചത് ഈഡന്‍ ഗാര്‍ഡന്‍സിലെ ബ്രാത്‌വൈറ്റിന്റെ ഇന്നിംഗ്‌സായിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥമാണ് താരം മകള്‍ക്ക് ഈഡന്‍ റോസ് എന്ന പേരിട്ടിരിക്കുന്നത്.

കളി കൈവിട്ടു എന്ന് കരുതിയ നിമിഷത്തില്‍ നിന്നും അവസാന ഓവറില്‍ തുടരെത്തുടരെ നാല് സിക്‌സറുകള്‍ പറത്തിയാണ് ബ്രാത്‌വൈറ്റ് ടീമിന്റെ രക്ഷകനായത്. അതേ സമയത്ത് തന്നെ നടന്ന ഐ.സി.സി വുമണ്‍സ് ടി-20 ലോകകപ്പിലും അണ്ടര്‍ 19 ലോകകപ്പിലും വിന്‍ഡീസ് തന്നെയായിരുന്നു കിരീടം ചൂടിയത്.

ഏറെ നാളായി വിന്‍ഡീസ് ടീമില്‍ നിന്നും പുറത്തിരുന്ന താരം 2019ലാണ് തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. കഴിഞ്ഞ ടി-20 ലോകകപ്പിലും താരം ടീമിന്റെ ഭാഗമായിരുന്നില്ല.

എന്നാല്‍ ടി-20 ലോകകപ്പിന്റെ അടുത്ത എഡിഷനോടെ താരം ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.

Content Highlight:  Carlos Brathwaite names his daughter ‘Eden Rose’ as a tribute to his 4 sixes at Eden Gardens

Latest Stories

We use cookies to give you the best possible experience. Learn more