യു.എസ് ഓപ്പണില്‍ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടി സ്പാനിഷ് താരം കാര്‍ലോസ് അല്‍കരാസ്. ലോക ഒന്നാം റാങ്ക് നേടിയെന്ന ഖ്യാതിയോടെയാണ് അല്‍കരാസ് കിരീടത്തിലേക്കെത്തുന്നത്. ഫൈനലില്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ 6-4, 2-6, 7-6 (7/1) എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
ആദ്യ സെറ്റ് 6-4ന് അല്‍കരാസ് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ കാസ്പര്‍ റൂഡ് മികച്ച തിരിച്ചുവരവ് നടത്തി. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ അല്‍കരാസ് 2-1ന്റെ ലീഡ് സ്വന്തമാക്കി. നാലാം സെറ്റില്‍ കൂടുതല്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
2005-ലെ ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാലിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്സ്ലാം പുരുഷ ചാമ്പ്യനാണ് 19കാരനായ അല്‍കാരാസ്. ഈ വിജയം ജീവിതകാലം മുഴുവന്‍ ഓര്‍ക്കുമെന്നും അതൊരു മികച്ച മത്സരമായിരുന്നെന്നും അല്‍കരാസ് പറഞ്ഞു.
‘ഇത് വളരെ മികച്ചതായി തോന്നുന്നു. എന്റെ സ്വപ്നം സഫലമായിരിക്കുകയാണ്. എന്റെ സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല,’ കാര്‍ലോസ് അല്‍കാരാസ് പറഞ്ഞു.
അല്‍കരാസും ടീമും ഈ നിമിഷം ആസ്വദിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പരിശീലകനും മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരവുമായ യുവാന്‍ കാര്‍ലോസ് ഫെറേറോ പറഞ്ഞത്.
‘ഇപ്പോള്‍ ഞങ്ങള്‍ ഒന്നാം റാങ്കിനെക്കുറിച്ചല്ല സംസാരിക്കുന്നത്. ഞങ്ങള്‍ ഈ നിമിഷം ആസ്വദിക്കുകയാണ്. ഈ ട്രോഫിയുടെ വിജയം ആസ്വദിക്കുകയാണ്. ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്കിപ്പോള്‍ സമയമില്ല. ഭാവിയിലെ പദ്ധതികളെക്കുറിച്ചും സ്വപനങ്ങളെയും പരിശീലനത്തെയുമൊക്കെ കുറിച്ച് ഞങ്ങള്‍ പിന്നീട് സംസാരിക്കുന്നതായിരിക്കും,’ യുവാന്‍ കാര്‍ലോസ് പറഞ്ഞു.
മത്സരത്തില്‍ എങ്ങനെയാണ് ഉയരങ്ങളിലെത്തുക എന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും അദ്ദേഹം നല്‍കി. ‘എല്ലാ ദിവസവും 100 ശതമാനം പരിശീലിക്കുക. പരിശീലനമാണ് ഒരാളെ പൂര്‍ണനാക്കുന്നത്. നിങ്ങളുടെ ഹൃദയം മുഴുവനായി എല്ലാ പരിശീലന സെഷനിലും സമര്‍പ്പിക്കുന്നതിലൂടെ വര്‍ഷം മുഴുവന്‍ ഒരേ നിലയില്‍ തുടരാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിയാമിയിലും മാഡ്രിഡിലും റിയോയിലും ബാഴ്സലോണയിലും നേടിയ മാസ്റ്റേഴ്സ് വിജയങ്ങള്‍ക്ക് ശേഷം 2022-ലെ അല്‍കാരസിന്റെ അഞ്ചാമത്തെ ട്രോഫിയാണ് യു.എസ് ഓപ്പണ്‍. മാഡ്രിഡില്‍ നടന്ന ക്ലേ കോര്‍ട്ട് മത്സരത്തില്‍ നദാലിനെയും നൊവാക് ജോക്കോവിച്ചിനെയും പരാജയപ്പെടുത്തുന്ന ആദ്യ താരമായി അല്‍കരാസ് മാറി.
Content Highlight: Carlos Alcaraz is New number one player o Tennis