ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു ബ്രസീല്‍ ദേശീയ ടീം. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതിന് പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.
നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടുണ്ടായിരുന്നില്ല. ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഏറ്റവും കൂടുതല്‍ പരിഗണിച്ചിരുന്നത് നിലവില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയെ ആയിരുന്നു. തുടക്കത്തില്‍ ആന്‍സലോട്ടി ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞിരുന്നു. റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് തന്നെ തുടരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
എന്നാല്‍ ബ്രസീല്‍ ദേശീയ ടീമിനോട് കാര്‍ലോ ആന്‍സലോട്ടി സമ്മതം അറിയിച്ചു കഴിഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഉടന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കില്ലെന്നും ഈ സീസണില്‍ അദ്ദേഹം റയലില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പോര്‍ട്സ് മാധ്യമമായ ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ട് പ്രകാരം അടുത്ത വര്‍ഷം ജൂലൈയിലാണ് ആന്‍സലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുക. 2026വരെയാണ് അദ്ദേഹം കരാറില്‍ ഒപ്പുവെക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി എത്തുകയാണെങ്കില്‍ ടീമിന് അത് വലിയ ഊര്‍ജം നല്‍കിയേക്കുമെന്നാണ് ആരാധകരുടെ പൊതുവെയുള്ള വിലയിരുത്തല്‍.
ഖത്തര്‍ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായിരുന്നിട്ടും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു മടങ്ങുകയാണ് ബ്രസീല്‍ ചെയ്തത്. ക്രൊയേഷ്യക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്.
മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താന്‍ കോച്ച് സ്ഥാനത്ത് നിന്നും രാജിവെക്കുന്ന കാര്യം ടിറ്റെ വ്യക്തമാക്കിയത്. ഇത് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് തീരുന്നത് വരെയേ താന്‍ കോച്ചായി തുടരുകയുള്ളുവെന്ന് ടിറ്റെ പറഞ്ഞിരുന്നു.