ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീല്‍ ദേശീയ ടീം. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതിന് പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.
നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ല.
ടീമിലേക്ക് അടിയന്തരമായി പുതിയ പരിശീലകനെ കൊണ്ടു വരാന്‍ ശ്രമിച്ച ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പെപ്പ് ഗ്വാര്‍ഡിയോള, സിദാന്‍, മൗറീഞ്ഞോ, ലൂയിസ് എന്റിക്കെ എന്നീ പരിശീലകരുമായൊക്കെ ചര്‍ച്ചകള്‍ നടത്തുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇക്കൂട്ടത്തില്‍ റയല്‍ മാഡ്രിഡ് പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയുടെ പേരും ഉണ്ടായിരുന്നു. ഇപ്പോള്‍ ആന്‍സിലോട്ടിയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രസീല്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച്ച സ്‌പെയ്‌നില്‍ വെച്ച് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് ആന്‍സലോട്ടിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ബ്രസീലിയന്‍ ഇതിഹാസതാരം റൊണാള്‍ഡോ നസാരിയോ ഇക്കാര്യത്തില്‍ ടീമിനെ സഹായിക്കുമെന്നും നിലവില്‍ റയല്‍ മാഡ്രിഡ് പരിശീലകനായ ആന്‍സലോട്ടിയെ പരമാവധി കണ്‍വിന്‍സ് ചെയ്യിക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റൊണാള്‍ഡോക്ക് ആന്‍സിലോട്ടിയുമായുള്ള അടുത്ത സൗഹൃദം അദ്ദേഹത്തെ ബ്രസീലില്‍ പരിശീലകനായി ടീമിലേക്ക് എത്തിക്കാന്‍ സഹായകരമാകും എന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ക്ലബ്ബ് ഫുട്‌ബോളിലെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ആന്‍സലോട്ടി മികച്ച സ്‌ക്വാഡിനെയാണ് റയല്‍ മാഡ്രിഡില്‍ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുള്ള റയല്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ച് അദ്ദേഹം ബ്രസീലിലേക്കെത്തുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായിരുന്നിട്ടും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു മടങ്ങുകയാണ് ബ്രസീല്‍ ചെയ്തത്. ക്രൊയേഷ്യക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്.
മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താന്‍ കോച്ച് സ്ഥാനത്ത് നിന്നും രാജിവെക്കുന്ന കാര്യം ടിറ്റെ വ്യക്തമാക്കിയത്. ഇത് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് തീരുന്നത് വരെയേ താന്‍ കോച്ചായി തുടരുകയുള്ളുവെന്ന് ടിറ്റെ പറഞ്ഞിരുന്നു.