| Tuesday, 20th June 2023, 4:30 pm

'ആ രണ്ട് താരങ്ങളെ സൈന്‍ ചെയ്യില്ലെങ്കില്‍ ക്ലബ്ബ് വിടും'; കട്ടക്കലിപ്പില്‍ കാര്‍ലോ ആന്‍സലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ചെല്‍സി താരം റീസ് ജെയിംസിനെയും നാപ്പോളി സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിമെനെയും സൈന്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ ക്ലബ്ബ് വിടുമെന്ന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞതായി റിപ്പോര്‍ട്ട്. വേതനത്തിലെ വര്‍ധനവ് കാരണം ആന്‍സലോട്ടിയുടെ ആവശ്യം ഒസിമെന്‍ തള്ളിക്കളഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൊസേലു മാറ്റോ, ബ്രാഹിം ഡയസ്, ഫ്രാന്‍ ഗാര്‍ഷ്യ, ജൂഡ് ബെല്ലിങ്ഹാം എന്നീ താരങ്ങളുമായി സൈനിങ് നടത്തിയതില്‍ ആന്‍സലോട്ടി തൃപ്തനല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന സീസണ്‍ കൂടുതല്‍ ശക്തമാക്കാനാണ് റീസ് ജെയിംസ്, വിക്ടര്‍ ഒസിമെന്‍ എന്നിവരെ ക്ലബ്ബിലെത്തിക്കാന്‍ ആന്‍സലോട്ടി ആവശ്യപ്പെട്ടതെന്ന് വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്തു.

70 മില്യണ്‍ യൂറോയാണ് ചെല്‍സി റീസ് ജെയിംസിന് വിലയിട്ടിരിക്കുന്നത്. പരിക്കുകളെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ 24 മത്സരങ്ങളില്‍ മാത്രമാണ് ജെയിംസിന് പങ്കെടുക്കാന്‍ സാധിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലണ്ട് താരത്തിന് ലോസ് ബ്ലാങ്കോസില്‍ തിളങ്ങാനാകുമെന്നാണ് ആന്‍സലോട്ടി വിശ്വസിക്കുന്നത്.

130 മില്യണ്‍ യൂറോയാണ് നാപോളി സട്രൈക്കര്‍ ഒസിമെന്റെ മൂല്യം. താരത്തെ ക്ലബ്ബിലെത്തിച്ചാല്‍ കുറഞ്ഞത് 30 ഗോളുകളെങ്കിലും റയലിനായി നേടിക്കൊടുക്കുമെന്നും സ്‌ക്വാഡുമായി പെട്ടെന്ന ചേര്‍ന്ന് പോകാന്‍ അദ്ദേഹത്തിന് കഴിയുമെന്നുമാണ് ആന്‍സലോട്ടിയുടെ പ്രതീക്ഷ. സൂപ്പര്‍താരം കരിം ബെന്‍സെമ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിട്ടതോടെയാണ് ഒത്ത പകരക്കാരനെ ടീമിലെത്തിക്കാന്‍ ആന്‍സലോട്ടി ശ്രമങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, റയല്‍ മാഡ്രിഡില്‍ ആന്‍സലോട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. 2024ല്‍ അദ്ദേഹം ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോസ് ബ്ലാങ്കോസില്‍ നിന്ന് പിരിഞ്ഞ് ആന്‍സലോട്ടി ബ്രസീല്‍ ദേശീയ ടീമില്‍ പരിശീലനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രസീല്‍ ദേശീയ ടീമിനോട് കാര്‍ലോ ആന്‍സലോട്ടി സമ്മതം അറിയിച്ചു കഴിഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഉടന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കില്ലെന്നും ഈ സീസണില്‍ അദ്ദേഹം റയലില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പോര്‍ട്‌സ് മാധ്യമമായ ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട് പ്രകാരം അടുത്ത വര്‍ഷം ജൂലൈയിലാണ് ആന്‍സലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുക. 2026വരെയാണ് അദ്ദേഹം കരാറില്‍ ഒപ്പുവെക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Carlo Ancelotti wants Reece James and Victor Osimhen to sign with Real Madrid

We use cookies to give you the best possible experience. Learn more