| Sunday, 28th May 2023, 4:30 pm

'അവനെ റയല്‍ മാഡ്രിഡിന് ആവശ്യമില്ല'; സൂപ്പര്‍താരത്തെ പുറത്താക്കാനൊരുങ്ങി ആന്‍സലോട്ടി; ഞെട്ടല്‍ വിട്ടുമാറാതെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ പുതിയ സീസണില്‍ ബെല്‍ജിയം സൂപ്പര്‍താരം ഈഡന്‍ ഹസാര്‍ഡിനെ നിലനിര്‍ത്തില്ലെന്ന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞതായി റിപ്പോര്‍ട്ട്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ താരത്തെ ക്ലബ്ബില്‍ നിന്ന് പുറത്താക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഹസാര്‍ഡിനെ ക്ലബ്ബില്‍ നിന്ന് റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് ആന്‍സലോട്ടി റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരേസിനെ സമീപിച്ചിരുന്നെന്നും ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ അദ്ദേഹം ക്ലബ്ബില്‍ തുടരട്ടെ എന്നാണ് പെരേസ് മറുപടി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019ലാണ് ഹസാര്‍ഡ് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ കാരണം താരത്തിന് സാന്ത്യാഗോ ബെര്‍ണബ്യൂവില്‍ മികവ് പുലര്‍ത്താനായിരുന്നില്ല. ക്ലബ്ബിനായി കളിച്ച 76 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം, കഴിഞ്ഞ ഡിസംബറിലാണ് ഈഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിരമിക്കല്‍.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില വഴങ്ങിയതോടെ ബെല്‍ജിയം ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ദേശീയ ടീമിന് വേണ്ടി ഇതുവരെ 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

2014, 2018, 2022 ലോകകപ്പുകളിലാണ് ഹസാര്‍ഡ് ബെല്‍ജിയം ടീമിനൊപ്പം കളിച്ചത്. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഫോമില്‍ കളിക്കാന്‍ സാധിക്കാത്തതിനാലാണ് താരം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Content Highlights: Carlo Ancelotti wants Eden Hazard to exit Real Madrid in the end of the season

Latest Stories

We use cookies to give you the best possible experience. Learn more