നിലവില്‍ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബാണ് റയല്‍ മാഡ്രിഡ്. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്തി ട്രോഫി ഉയര്‍ത്തിയത് റയല്‍ മാഡ്രിഡ് ആയിരുന്നു. വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവരുടെ കരുത്തിലാണ് ടീം ട്രോഫി നേടിയത്.
ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊന്നായ കിലിയന്‍ എംബാപ്പയെ കൂടെ ടീമിലേക്ക് എത്തിച്ചപ്പോള്‍ റയല്‍ ട്രിപ്പിള്‍ സ്ട്രോങ്ങായിരിക്കുകയാണ്.
ഇന്ന് യുവേഫ സൂപ്പര്‍ കപ്പില്‍ നടക്കുന്ന കലാശ പോരാട്ടത്തിന് ഇറങ്ങുകയാണ് റയല്‍ മാഡ്രിഡ് എതിരാളികള്‍ ഇറ്റാലിയന്‍ കരുത്തരായ അറ്റലാന്റയാണ്. ഇപ്പോള്‍ താരങ്ങളെ പറ്റിയും മത്സരത്തെ കുറിച്ചും സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് റയലിന്റെ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി.
‘എനിക്കിപ്പോള്‍ വലിയ ഒരു പ്രശ്‌നമാണ് ഉള്ളത്. ഏത് താരങ്ങളെ കളിപ്പിക്കണം? ഏതൊക്കെ താരങ്ങളെ പുറത്തിരുത്തണം എന്ന ചിന്ത മാത്രമായിരുന്നു ഈ സമ്മര്‍ വെക്കേഷനില്‍. യഥാര്‍ത്ഥത്തില്‍ അവരുടെ വരവ് എന്റെ സമ്മര്‍ നശിപ്പിച്ചു എന്ന് തന്നെ പറയേണ്ടിവരും. പക്ഷേ ഇത് വളരെ സിമ്പിളാണ്.
എന്തെന്നാല്‍ അവര്‍ എല്ലാവരും മികച്ച താരങ്ങളാണ്. അതുകൊണ്ടാണ് തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ട് വരുന്നത്. പക്ഷേ ഈ പ്രശ്‌നം ഒരുപാട് കാലം നിലനില്‍ക്കില്ല. കാരണം ഈ സീസണില്‍ 70 മത്സരങ്ങളോളം ഞങ്ങള്‍ക്ക് കളിക്കേണ്ടി വരും.
ഒരേ ഇലവന്‍ വെച്ച് ഇത്രയും മത്സരങ്ങള്‍ കളിക്കില്ലല്ലോ. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിക്കും. കഴിഞ്ഞ സീസണില്‍ കുറച്ച് അവസരങ്ങള്‍ ലഭിച്ചവര്‍ പോലും കൂടുതലായിട്ട് കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ അതില്‍ നിന്നൊക്കെ മാറ്റം വരും,’ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞു.
എംബാപ്പെ, ബെല്ലിങ്ങ്ഹാം, വിനീഷ്യസ് എന്നിവരുടെ കൂട്ടുകെട്ടിനെ കളിക്കളത്തില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ് ആരാധകര്‍. ഇവരെ തോല്‍പിക്കാന്‍ എതിര്‍ ടീം നന്നായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും എന്നത് ഉറപ്പാണ്. ഇന്നത്തെ മത്സരത്തില്‍ മികച്ച ആരാധക പിന്തുണയും റയലിന് ഉണ്ടാകും.
Content Highlight: Carlo Ancelotti Talking About Real Madrid Players