റയല്‍ മാഡ്രിഡ് സൂപ്പര്‍താരം മാര്‍ക്കോ അസെന്‍സിയോ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. അസെന്‍സിയോ ക്ലബ്ബിലെ പ്രധാന താരമാണെന്നും അദ്ദേഹം റയല്‍ മാഡ്രിഡില്‍ തുടരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ആന്‍സലോട്ടി പറഞ്ഞു.
‘അവന്‍ റയല്‍ മാഡ്രിഡില്‍ തന്നെ തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ക്ലബ്ബിലെ പ്രാധാന താരങ്ങളില്‍ ഒരാളാണ് അസെന്‍സിയോ. ഏത് നിമിഷവും ക്ലബ്ബിന് വേണ്ടി ഗോള്‍ നേടാനും അസിസ്റ്റ് നല്‍കാനും കഴിവുള്ള താരമാണ്. ഞാനവനില്‍ വിശ്വാസമര്‍പ്പിക്കുകയാണ്, അവന് എല്ലായിപ്പോഴും സ്‌കോര്‍ ചെയ്യാന്‍ സാധിക്കും,’ ആന്‍സലോട്ടി പറഞ്ഞു.
2015ലാണ് മാര്‍ക്കോ അസെന്‍സിയോ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നത്. ലോസ് ബ്ലാങ്കോസിനായി കളിച്ച 273 മത്സരങ്ങളില്‍ നിന്ന് 58 ഗോളും 30 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. 2016-17 സീസണില്‍ മികച്ച പ്രകടം പുറത്തെടുത്ത താരം ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നിരുന്നാലും 27കാരനായ താരം ഈ സീസണിന്റെ അവസാനം ബാഴ്സലോണ എഫ്.സിയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലാ ലിഗ പോയിന്റ് പട്ടികയില്‍ 28 മത്സരങ്ങളില്‍ നിന്ന് 18 ജയവും അഞ്ച് തോല്‍വിയുമായി 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡിന്റെ സ്ഥാനം. ഇത്രതന്നെ മത്സരങ്ങളില്‍ നിന്ന് 23 ജയവും രണ്ട് തോല്‍വിയുമായി 72 പോയിന്റോടെ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏപ്രില്‍ 15ന് കാഡിസിനെതിരെയാണ് ലാ ലിഗയില്‍ ലോസ് ബ്ലാങ്കോസിന്റെ അടുത്ത മത്സരം.
അതേസമയം, ബുധനാഴ്ച്ച റയല്‍ സോസീഡാഡിനെതിരെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു സോസീഡാഡിന്റെ ജയം. ഇതോടെ 33 മത്സരങ്ങളില്‍ നിന്ന് 21 ജയവുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയല്‍ മാഡ്രിഡ്. ഇത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 26 ജയവുമായി 14 പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് ബാഴ്സലോണയാണ്.
മെയ് ഏഴിന് കോപ്പ ഡെല്‍ റേയില്‍ ഒസാസുനക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.
Content Highlights: Carlo Ancelotti talking about Marco Asensio’s club transfer