കഴിഞ്ഞ വര്‍ഷമാണ് കിലിയന്‍ എംബാപ്പെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായുള്ള തന്റെ കരാര്‍ പുതുക്കിയത്. ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാനിക്കാനിരിക്കെ ചില വന്‍കിട ക്ലബ്ബുകള്‍ താരത്തെ വലയം വെച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന വേതനം നല്‍കി പി.എസ്.ജി താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു.
സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് ആണ് താരത്തിന് വേണ്ടി കിണഞ്ഞ് പരിശ്രമം നടത്തുന്ന ക്ലബ്ബുകളില്‍ മുന്‍ പന്തിയില്‍. റയല്‍ എംബാപ്പയെ സ്വന്തമാക്കാന്‍ കഴിവതും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എംബാപ്പെ പി.എസ്.ജി വിടുന്നെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുമ്പോള്‍ റയല്‍ താരത്തെ നോട്ടമിട്ട് വീണ്ടും എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ എംബാപ്പയെ സൈന്‍ ചെയ്യിക്കുന്നതിനെ കുറിച്ച് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയോട് ചോദിച്ചപ്പോള്‍ അവ്യക്തമായ മറുപടിയാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ ആര്‍.എം.സി സ്പോര്‍ട്സിന് നല്‍കിയത്.
‘നിങ്ങള്‍ക്കത് ചോദിക്കാനുള്ള ധൈര്യമുണ്ട്. എന്നാല്‍ അതിന് മറുപടി നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, ട്രാന്‍സ്ഫര്‍ വിന്‍ഡോക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റയല്‍ മാഡ്രിഡ് ടാര്‍ഗെറ്റുകളെ കുറിച്ച് പ്രസിഡന്റ് ഫ്ളോറന്റീനോ പെരേസിന്റെ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. കിലിയന്‍ എംബാപ്പെക്കും എര്‍ലിങ് ഹാലണ്ടിനുമായി റയല്‍ മാഡ്രിഡ് എല്ലായിപ്പോഴും അവരുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നിരുന്നാലും എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജി ഇത്തവണയും ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മികച്ച താരനിരയുണ്ടെങ്കിലും എംബാപ്പെയെ ചുറ്റിപ്പറ്റിയാണ് പി.എസ്.ജി തന്ത്രങ്ങള്‍ മെനയുന്നത്. ബുദ്ധിശാലിയായ താരം പാരീസിയന്‍ ക്ലബ്ബിന്റെ നിര്‍ണായക താരങ്ങളില്‍ പ്രധാനിയാണ്.
Content Highlights: Carlo Ancelotti talking about Kylian Mbappe’s signing with PSG