| Friday, 29th November 2024, 9:22 pm

പെനാല്‍റ്റി നഷ്ടപ്പെടുകത്തിയതുകൊണ്ട് മാത്രം അവനെ വിലയിരുത്താന്‍ കഴിയില്ല; സൂപ്പര്‍ താരത്തിന് പിന്തുണയുമായി കാര്‍ലോ ആന്‍സലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫാ ചാമ്പ്യന്‍ സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ വിജയിച്ചിരുന്നു. ലിവര്‍പൂളിന് വേണ്ടി 52ാം മിനിട്ടില്‍ അലക്‌സിസ് മാക് അലിസ്റ്ററും കോഡി ഗക്‌പോ 76ാം മിനിട്ടിലും ഗോള്‍ നേടിയാണ് റയലിനെ പരാജയപ്പെടിത്തിയത്.

മത്സരത്തില്‍ റയല്‍ താരമായ കിലിയന്‍ എംബാപ്പെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. മാത്രമല്ല നിര്‍ണായക ഘട്ടത്തില്‍ പെനാല്‍റ്റി പാഴാക്കുകയും ചില പാസുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത താരത്തിന് വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടി എംബാപ്പയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

കാര്‍ലോ ആന്‍സലോട്ടി പറഞ്ഞത്

‘സ്‌ട്രൈക്കര്‍മാര്‍ക്ക് ഗോളടിക്കാന്‍ ബുദ്ധിമുട്ടുള്ള സമയങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇതൊക്കെ ഒരുപാട് തവണ നമ്മള്‍ കണ്ടതാണ്. ഇതിനുള്ള മരുന്ന് ക്ഷമ കാണിക്കുക എന്നതാണ്. ഇത് അവനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയമാണ്.

പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ഇതിന്റെ ആഴം വര്‍ദ്ധിപ്പിച്ചേക്കും പക്ഷേ എല്ലാവരും അവനെ സപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. നിലവില്‍ കോണ്‍ഫിഡന്‍സിന്റെ അഭാവമാണ് അദ്ദേഹത്തിന് ഉള്ളത്. നിങ്ങള്‍ കരുതിയ പോലെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നില്ലെങ്കില്‍ സിമ്പിള്‍ ആയി കളിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്,

ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് കൊണ്ട് മാത്രം അവനെ വിലയിരുത്താന്‍ പാടില്ല. പെനാല്‍റ്റി എല്ലാവരും പാഴാക്കുന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ നമ്മള്‍ ക്ഷമ കാണിക്കേണ്ടതുണ്ട്. അസാധാരണമായ താരമാണ് എംബാപ്പെ,’ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞു.

പി.എസ്.ജിയില്‍ നിന്ന് വലിയ പ്രതീക്ഷയോടെ റയല്‍ സ്വന്തമാക്കിയ താരമാണ് എംബാപ്പെ. എന്നാല്‍ റയലിന് വേണ്ടി 18 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോള്‍ നേടാന്‍ മാത്രമാണ് താരത്തിന് സാധിച്ചത്. വിനീഷ്യസ് ജൂനിയറെ പോലെയുള്ള റയലിന്റെ മുന്‍ നിര താരങ്ങള്‍ക്കൊപ്പം എംബാപ്പെ മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content highlight: Carlo Ancelotti Talking About Kylian Mbappe

We use cookies to give you the best possible experience. Learn more