ഈ സീസണിന്റെ അവസാനത്തോടെ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. റയല്‍ വിടുന്നതോടെ ആന്‍സലോട്ടി ചിരവൈരികളായ ബാഴ്‌സലോണയുടെ പരിശീലകനാകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ കോച്ചിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണിപ്പോള്‍.
താനൊരിക്കലും ബാഴ്‌സയിലേക്ക് പോകില്ലെന്നും അത് ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഞാന്‍ ഒരിക്കലും ബാഴ്‌സലോണയില്‍ ചേരില്ല. ആരെങ്കിലും അങ്ങനെ വിചാരിക്കുന്നെങ്കില്‍ അത് ഒരിക്കലും നടക്കാത്ത കാര്യമായിരിക്കുമെന്ന് അറിയുക. എന്റെ ചരിത്രം ഇവിടെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയല്‍ മാഡ്രിഡിലാണുള്ളത്. എന്നെ ഇവിടെയുള്ള ആളുകള്‍ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്,’ ആന്‍സലോട്ടി പറഞ്ഞു.
അതേസമയം, കോപ്പ ഡെല്‍ റേ ട്രോഫിയില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. 2014ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡ് ഈ ടൈറ്റില്‍ തങ്ങളുടെ പേരിലാക്കുന്നത്. ഈ സീസണിലെ മൂന്നാമത്തെ ട്രോഫിയാണ് റയല്‍ സ്വന്തമാക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനമാണ് ക്ലബ്ബ് കാഴ്ചവെക്കുന്നത്.
കോപ്പയില്‍ ഒസാസുനക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി റോഡ്രിഗോയാണ് ലോസ് ബ്ലാങ്കോസിനായി തിളങ്ങിയത്. കളിയുടെ 2, 70 മിനിട്ടുകളിലായിരുന്നു താരം വല കുലുക്കിയത്. 58ാം മിനിട്ടില്‍ ലൂക്കാസ് ടോറോ ഒസാസുനക്കായി ആശ്വാസ ഗോള്‍ നേടി.
ഇറ്റാലിയന്‍ പരിശീലകനായ ആന്‍സലോട്ടിയുടെ കീഴില്‍ റയല്‍ 2014ലും 2022ലും ചാമ്പ്യന്‍സ് ലീഗ് ട്രോഫി സ്വന്തമാക്കിയിരുന്നു. കൂടാതെ ലാ ലിഗ ടൈറ്റിലുകളും ക്ലബ്ബിനായി ആന്‍സലോട്ടി നേടിക്കൊടുത്തിരുന്നു.