കഴിഞ്ഞ ജനുവരിയിലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിലാണ് അല്‍ നസറുമായി സൈനിങ് നടത്തിയത്. താരത്തിന് യൂറോപ്യന്‍ ക്ലബ്ബിന് വേണ്ടി ബൂട്ട്കെട്ടാന്‍ താത്പര്യമുണ്ടായിരുന്നെന്നും അവസാന നിമിഷം വരെ റയല്‍ മാഡ്രിഡിന്റെ വിളിയും കാത്തിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നും 2021ല്‍ പിരിഞ്ഞതിന് ശേഷം റയല്‍ മാഡ്രിഡിലേക്ക് മടങ്ങിപ്പോവാന്‍ റൊണാള്‍ഡോ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ആ ശ്രമങ്ങളോട് ക്ലബ്ബ് പ്രസിഡന്റായിരുന്ന ഫ്‌ലോറന്റീനോ പെരസ് താത്പര്യം കാട്ടിയിരുന്നില്ല.
പിന്നീട് യുണൈറ്റഡില്‍ നിന്ന് വഴിപിഴിഞ്ഞ ശേഷവും തന്റെ ഏജന്റായിരുന്ന ജോര്‍ജ് മെന്‍ഡസ് വഴി റൊണാള്‍ഡോ റയലിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിരുന്നെന്നും അതിനും റയലിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ നിന്നും 450 ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കൂടാതെ താരത്തിന്റെ മികവില്‍ തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും റയല്‍ മാഡ്രിഡ് പേരിലാക്കിയിരുന്നു.
അതേസമയം, താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ നസര്‍ റൊണാള്‍ഡോയുമായി സൈനിങ് നടത്തിയതെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.
എന്നാല്‍, സൗദി പ്രോ ലീഗില്‍ അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.
ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.
സൗദി പ്രോ ലീഗില്‍ ഇതുവരെ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 17 ജയവും 56 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇതിഹാദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മെയ് എട്ടിന് അല്‍ ഖലീജിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.