2022ലെ റയലിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയം ആരും ഓര്‍ക്കില്ല; സ്പാനിഷ് താരത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ആന്‍സലോട്ടി
Football
2022ലെ റയലിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയം ആരും ഓര്‍ക്കില്ല; സ്പാനിഷ് താരത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ആന്‍സലോട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th November 2023, 2:51 pm

2022ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. റയല്‍ മാഡ്രിഡിന്റെ പതിനാലാമത് ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമായിരുന്നു ഇത്.

റയലിന്റെ ഈ നേട്ടത്തെ പരിഹസിച്ചുകൊണ്ട് ബാഴ്‌സലോണ ഇതിഹാസവും സ്പാനിഷ് താരവുമായ ജെറാഡ് പിക്വാ പരിഹസിച്ചിരുന്നു. റയലിന്റെ പതിനാലാമത് ചാമ്പ്യന്‍സ് ലീഗ് കിരീടം ആരും ഓര്‍ക്കില്ലെന്നായിരുന്നു പിക്വയുടെ പരാമര്‍ശം.

റയല്‍ മാഡ്രിഡ് അവസാനം നേടിയ ചാമ്പ്യന്‍സ് ലീഗ് കിരീടം അത്ഭുതമായിരുന്നു. കാരണം അവര്‍ ഗ്രൂപ്പ് മത്സരത്തിലും ഫൈനലിലും മികച്ചവരായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ വിജയം ഒരിക്കലും ഓര്‍മ്മിക്കപ്പെടില്ല,’ ബാഴ്സ റേഡിയോ നെറ്റ്വര്‍ക്ക് ആര്‍.എ.സി വണ്ണിലൂടെ പിക്വ പറഞ്ഞു.

ഇപ്പോള്‍ ഇതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി.

‘അവന്‍ ജീവിക്കുന്നത് അവന്റെ സ്വന്തം ലോകത്താണ്. ഞങ്ങളുടെ പതിനാലാമത് ചാമ്പ്യന്‍സ് ലീഗ് കിരീടം ആരും മറക്കില്ല. ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ അത് ഓര്‍ത്തിരിക്കും,’ ആന്‍സലോട്ടി മാഡ്രിഡ് എക്‌സ്ട്രാ വഴി പറഞ്ഞു.

2021-22 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു കൊണ്ടായിരുന്നു റയല്‍ മാഡ്രിഡ് കിരീടം ഉയര്‍ത്തിയത്. റയലിന്റെ ഫൈനലിലേക്കുള്ള പ്രവേശനം വമ്പന്‍ ക്ലബ്ബുകളെ തോല്‍പ്പിച്ചായിരുന്നു.

പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജര്‍മനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെല്‍സിയെയും, സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയും വീഴ്ത്തിക്കൊണ്ടായിരുന്നു റയലിന്റെ ഫൈനല്‍ പ്രവേശനം. ആ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് പുറമേ മൂന്ന് കിരീടവും ലോസ് ബ്ലാങ്കോസ് സ്വന്തമാക്കിയിരുന്നു.

Content Highlight: Carlo Ancelotti react against Gerard piqua mocked against Real Madrid 2022 ucl win.