കോപ്പ ഡെല്‍ റേയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരിം ബെന്‍സെമ പുറത്തെടുത്തത്. ക്യാമ്പ് നൗവില്‍ ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തില്‍ താരം ഹാട്രിക് നേടിയിരുന്നു.
നിരവധിയാളുകളാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവായ കരിം ബെന്‍സെമ തന്നെ ഇത്തവണയും പുരസ്‌കാരത്തിന് അര്‍ഹനാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ബെന്‍സെമ തിരിച്ചെത്തിയെന്നും അദ്ദേഹം ബാലണ്‍ ഡി ഓര്‍ നേടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ആന്‍സലോട്ടി പറഞ്ഞു. മാഡ്രിഡ് സോണിനോട് സംസാരിക്കവെയാണ് ആന്‍സലോട്ടി ബെന്‍സെമയെ പ്രശംസിച്ചത്.
ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി കളിച്ച 31 മത്സരങ്ങളില്‍ 25 ഗോളുകളും ആറ് അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്. റയലിനായി ക്ലബ്ബ് വേള്‍ഡ് കപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിനായി.
കഴിഞ്ഞ സീസണില്‍ 44 ഗോളും 15 അസിസ്റ്റും നേടിക്കൊണ്ടാണ് താരം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരുന്നത്. 46 മത്സരങ്ങളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം. ക്ലബ്ബ് വേള്‍ഡ് കപ്പിന് പുറമെ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, സൂപ്പര്‍ കോപ്പ ഡി എസ്പാന എന്നീ ടൈറ്റിലുകള്‍ നേടുമ്പോഴും ബെന്‍സെമ ക്ലബ്ബില്‍ പ്രധാനിയായിരുന്നു.
അതേസമയം, എല്‍ ക്ലാസിക്കോയില്‍ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്സക്ക് മുന്നില്‍ അടിയറവ് പറഞ്ഞ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ തിരിച്ചുവരവാണ് കോപ്പ ഡെല്‍ റേയില്‍ കാഴ്ചവെച്ചിരിക്കുന്നത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ ബാഴ്സയെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച റയല്‍ മാഡ്രിഡിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി.
ബെന്‍സെമക്ക് പുറമെ വിനീഷ്യസ് ജൂനിയറാണ് റയലിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാനത്തിലാണ് ലോസ് ബ്ലാങ്കോസ് ഗോള്‍ വേട്ട ആരംഭിക്കുന്നത്. ബെന്‍സെമ നല്‍കിയ അസിസ്റ്റില്‍ നിന്ന് വിനി ഗോള്‍ കണ്ടെത്തുകയായിരുന്നു.
മത്സരത്തിന്റെ 50ാം മിനിട്ടില്‍ മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്ന് ബെന്‍സിമ ഗോള്‍ നേടി. എട്ട് മിനിട്ടിനുശേഷം ലഭിച്ച പെനാല്‍ട്ടി ബെന്‍സിമ ലക്ഷ്യം കണ്ടതോടെ ലീഡ് മൂന്നായി ഉയര്‍ന്നു. 80ാം മിനിട്ടില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടിയതോടെ ബെന്‍സെമ ഹാട്രിക്ക് തികക്കുകയായിരുന്നു. ഇതോടെ സ്വന്തം മൈതാനത്ത് ബാഴ്സക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടിവരികയായിരുന്നു.
Content Highlights: Carlo Ancelotti predicts Karim Benzema will win Ballon d’or