ഇത്തവണ ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി. നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവായ കരിം ബെന്‍സെമ തന്നെ ഇത്തവണയും പുരസ്‌കാരത്തിന് അര്‍ഹനാകുമെന്നാണ് ആന്‍സലോട്ടി പറഞ്ഞത്. ബെന്‍സെമ തകര്‍പ്പന്‍ ഫോമിലാണെന്നും അദ്ദേഹം ബാലണ്‍ ഡി ഓര്‍ നേടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ആന്‍സലോട്ടി പറഞ്ഞു. മാഡ്രിഡ് സോണിനോട് സംസാരിക്കവെയാണ് ആന്‍സലോട്ടി ബെന്‍സെമയെ പ്രശംസിച്ചത്.
ലാ ലിഗയില്‍ അല്‍മിറക്കെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ കരിം ബെന്‍സെമയുടെ ഹാട്രിക്കും റോഡ്രിഗോയുടെ ഒരു ഗോളുമാണ് റയലിനെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിന് ശേഷം ബെന്‍സെമയെ പുകഴ്ത്തി നിരവധിയാരാധകരാണ് രംഗത്തെത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം റയലിനായി 350 ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് പേരിലാക്കിയിരിക്കുകയാണ് ബെന്‍സെമ.
മത്സരത്തിന്റെ അഞ്ചാം മിനിട്ടിലായിരുന്നു ബെന്‍സൈമയുടെ ആദ്യ ഗോള്‍ പിറന്നത്. 17ാം മിനിട്ടില്‍ രണ്ടാം ഗോളും വലയിലെത്തിച്ച താരം 42ാം മിനിട്ടിലാണ് ഹാട്രിക് പൂര്‍ത്തിയാക്കുന്നത്. ലാ ലിഗയില്‍ ഇതുവരെ കളിച്ച 21 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്. ഈ സീസണില്‍ റയലിനായി കളിച്ച 37 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളാണ് ബെന്‍സെമയുടെ സമ്പാദ്യം.
അതേസമയം, ബുധനാഴ്ച്ച റയല്‍ സോസീഡാഡിനെതിരെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു സോസീഡാഡിന്റെ ജയം. ഇതോടെ 33 മത്സരങ്ങളില്‍ നിന്ന് 21 ജയവുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയല്‍ മാഡ്രിഡ്. ഇത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 26 ജയവുമായി 14 പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് ബാഴ്‌സലോണയാണ്.
മെയ് ഏഴിന് കോപ്പ ഡെല്‍ റേയില്‍ ഒസാസുനക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.