| Saturday, 21st October 2023, 12:16 pm

ആ ഫൈനലില്‍ അവന്‍ ഗോള്‍ നേടിയില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനിവിടെ നില്‍ക്കില്ലായിരുന്നു; ഇതിഹാസത്തെ കുറിച്ച് കാര്‍ലോ ആന്‍സലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായ സ്പാനിഷ് താരം സെര്‍ജിയോ റാമോസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. 16 വര്‍ഷം റയല്‍ മാഡ്രിഡില്‍ ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് റാമോസ്. 2014ല്‍ ലോസ് ബ്ലാങ്കോസിനായി ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ റാമോസിന് സാധിച്ചിരുന്നു.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലെറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിന്റെ 93ാം മിനിട്ടില്‍ റാമോസ് നേടിയ ഗോളാണ് ക്ലബ്ബിന്റെ ജയത്തിന് വഴിത്തിരിവായത്. അന്ന് റാമോസ് ആ ഗോള്‍ നേടിയില്ലായിരുന്നെങ്കില്‍ താനിവിടെ ഇങ്ങനെ നില്‍നിക്കില്ലായിരുന്നെന്ന് പറയുകയാണ് ആന്‍സലോട്ടി. സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘എനിക്ക് റാമോസിനോട് പ്രത്യേക അടുപ്പമുണ്ട്. ഇന്ന് ഞാനിവിടെ നില്‍ക്കുന്നതിന്റെ പ്രധാന കാരണം അവനാണ്. അന്നത്തെ ഫൈനലില്‍ റാമോസ് ഗോള്‍ നേടിയില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനിവിടെ ഇങ്ങനെ നില്‍ക്കില്ലായിരുന്നു. ക്ലബ്ബിന് വേണ്ടി അവന്‍ എല്ലാം ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും അവനോട് കടപ്പാടുണ്ട്. പ്രത്യേകിച്ച് എനിക്ക്. അവന്‍ ഫുട്‌ബോളില്‍ ഇനിയും മികച്ച സമയമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്,’ ആന്‍സലോട്ടി പറഞ്ഞു.

അതേസമയം, 18 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പഴയ തട്ടകമായ സെവിയ്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റാമോസ്. 2005ലാണ് റാമോസ് സെവിയ്യയില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്.

16 വര്‍ഷങ്ങള്‍ക്ക് ശേഷം റയല്‍ മാഡ്രിഡില്‍ നിന്നും 2021 ലാണ് താരം ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ ചേരുന്നത്. സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദ് റാമോസിനായി രംഗത്തുണ്ടായിരുന്നു. ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് ക്ലബ്ബുകളും ഈ 37കാരനായി ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ആ ഓഫറുകളെല്ലാം നിരസിച്ചുകൊണ്ടാണ് താരം പഴയ ക്ലബ്ബിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.

Content Highlights: Carlo Ancelotti praises Sergio Ramos

Latest Stories

We use cookies to give you the best possible experience. Learn more