റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം എഡ്വാര്‍ഡോ കാമവിങ്ങ ജൂഡ് ബെല്ലിങ്ഹാമിനൊപ്പം പുതിയ സീസണില്‍ സുവര്‍ണ സഖ്യം സൃഷ്ടിക്കുമെന്ന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ഈ സമ്മര്‍ സീസണില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് തകര്‍പ്പന്‍ സൈനിങ് നടത്തിയ താരമാണ് ബെല്ലിങ്ഹാം. ഇരുവര്‍ക്കും റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ആന്‍സലോട്ടി പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് എല്‍ നാഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന്റെ സെന്റര്‍ മിഡ് ഫീല്‍ഡില്‍ മികവ് പുലര്‍ത്തിയ താരമാണ് കാമവിങ്ങ. 20 കാരനായ താരത്തിന് കഴിഞ്ഞ രണ്ട് സീസണിനിടെ റയല്‍ മാഡ്രിഡിന്റെ 99 മത്സരങ്ങളില്‍ പ്രത്യക്ഷപ്പെടാനായിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലോസ് ബ്ലാങ്കോസിന്റെ പരാജയം.
ബാഴ്‌സലോണക്കായി ഉസ്മാന്‍ ഡെംബെലെ, ഫെര്‍മിന്‍ ലോപ്പസ് മാര്‍ട്ടിന്‍, ഫെറാന്‍ ടോറസ് എന്നീ താരങ്ങളാണ് ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ ടെഗര്‍ സ്റ്റേഗന്റെ മിന്നല്‍ സേവുകളും ബ്ലൂഗ്രാനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോസ് ബ്ലാങ്കോസിന്റെ ഗോളെന്നുറപ്പിച്ച നാലോളം ഷോട്ടുകളും അത്ഭുതകരമായി തടഞ്ഞുവെക്കാന്‍ സ്റ്റേഗന് സാധിച്ചു.
മത്സരത്തിന്റെ 15ാം മിനിട്ടിലാണ് ഡെംബലയിലൂടെ ബാഴ്‌സ ലീഡെടുത്തത്. ഏതാനും മിനിട്ടുകള്‍ക്ക് പിന്നാലെ സമനില പിടിക്കാനുള്ള അവസരം റയലിന് ഒത്തുവന്നെങ്കിലും പാഴാവുകയായിരുന്നു. ടീമിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചെങ്കിലും കിക്കെടുത്ത വിനീഷ്യസ് ജൂനിയറിന് പിഴച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ 85ാം മിനിട്ടിലാണ് ലോപ്പസ് മാര്‍ട്ടിന്റെ ഗോളിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഇഞ്ച്വറി ടൈമില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍ പിറന്നു. ഇതോടെ മത്സരം 3-0 ആയി.
വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ച് മണിക്ക് യുവന്റസിനെതിരെയാണ് ക്ലബ്ബ് ഫ്രണ്ട്‌ലീസില്‍ റയലിന്റെ അടുത്ത മത്സരം.