ലാ ലിഗയില്‍ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസ് ബാഴ്സലോണയെ കീഴ്പ്പെടുത്തിയത്. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി ഇംഗ്ലണ്ട് സൂപ്പര്‍ത്താരം ജൂഡ് ബെല്ലിങ്ഹാം തിളങ്ങിയിരുന്നു.
മത്സരത്തിന്റെ ആറാം മിനിട്ടില്‍ ബാഴ്സക്കായി ഇല്‍ക്കെ ഗുണ്ടോഗന്‍ ലീഡെടുത്തിരുന്നു. രണ്ടാം പാദത്തിന്റെ പകുതി സമയം വരെ ലീഡ് നിലനിര്‍ത്താന്‍ ബാഴ്സക്ക് സാധിച്ചു. എന്നാല്‍ 68ാം മിനിട്ടില്‍ കിടിലന്‍ ലോങ് റേഞ്ച് ഷോട്ടിലൂടെ ബെല്ലിങ്ഹാം പന്ത് വലയിലെത്തിച്ചതോടെ കളി സമനിലയിലായി.
വാശിയേറിയ പോരാട്ടത്തിന്റെ ഇഞ്ച്വറി ടൈമിലാണ് റയല്‍ മാഡ്രിഡിന്റെ വിജയ ഗോള്‍ പിറന്നത്. 92ാം മിനിട്ടില്‍ ലൂക്ക മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്ന് താരം വലകുലുക്കുകയായിരുന്നു. ഇതോടെ മത്സരം 1-2ല്‍ അവസാനിച്ചു. മത്സരത്തിന് പിന്നാലെ ബെല്ലിങ്ഹാമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി.
‘അവന്റെ ആദ്യ ഗോള്‍ കളിയുടെ ഗതി മാറ്റിമറിച്ചു. അവന്റെ പ്രകടനം ഞങ്ങളെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഫീല്‍ഡില്‍ എല്ലായിടത്തും അവനുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ അവന്റെ ഗോള്‍ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു,’ ആന്‍സലോട്ടി പറഞ്ഞു.
ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിനല്ല ബെല്ലിങ്ഹാം മുന്‍ഗണന നല്‍കുന്നതെന്നും കഴിവുകളും കളിയിലെ നിലവാരവുമെല്ലാം ടീമിനായി കോണ്‍ട്രിബ്യൂട്ട് ചെയ്യുന്ന താരമാണ് ജൂഡ് എന്നും ആന്‍സലോട്ടി നേരത്തെ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് എല്‍ ഫുട്ബോളെറോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും. ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.
ഈ മത്സരത്തിലെ ജയത്തോടെ റയല്‍ മാഡ്രിഡ് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും ഒരു ലമനിലയും ഒരു തോല്‍വിയുമായി 28 പോയിന്റാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. 24 പോയിന്റുമായി ബാഴ്സലോണ മൂന്നാം സ്ഥാനത്താണ്.
Content Highlights: Carlo Ancelotti praises Jude Bellingham