ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഒസാസുനയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടായിരുന്നു റയലിന്റെ ജയം. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെയും ജൊസേലുവിന്റെയും ഓരോ ഗോളുകളുമാണ് ലോസ് ബ്ലാങ്കോസിനെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിന് പിന്നാലെ ബെല്ലിങ്ഹാമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിലല്ല ബെല്ലിങ്ഹാം മുന്‍ഗണന നല്‍കുന്നതെന്നും കഴിവുകളും കളിയിലെ നിലവാരവുമെല്ലാം ടീമിനായി കോണ്‍ട്രിബ്യൂട്ട് ചെയ്യുന്ന താരമാണ് ജൂഡ് എന്നും ആന്‍സലോട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് എല്‍ ഫുട്‌ബോളെറോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റയല്‍ മാഡ്രിഡിന്റെ മുന്‍ ഫ്രഞ്ച് താരം കരിം ബെന്‍സിമയുടെ അഭാവം നികത്താന്‍ ബെല്ലിങ്ഹാമിന് സാധിക്കുമെന്നും അദ്ദേഹം വളരെ ഗൗരവമുള്ള കളിക്കാരനാണെന്നും ആന്‍സലോട്ടി നേരത്തെ പറഞ്ഞിരുന്നു. റേഡിയോ സീരി എയോട് സംസാരിക്കുമ്പോഴാണ് ആന്‍സലോട്ടി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ബെല്ലിങ്ഹാമിന്റെ പ്രവേശം കരിം ബെന്‍സിമയുടെ അഭാവം നികത്തുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അവന്‍ വളരെ ഗൗരവമുള്ള പാകത കൈവന്ന ഒരുപാട് ക്വാളിറ്റിയുള്ള കളിക്കാരനാണ്. അവന്റെ പെര്‍ഫോമന്‍സ് അവനെ അടുത്തറിയാവുന്നവരെ അത്ഭുതപ്പെടുത്തില്ല. ബെല്ലിങ്ഹാമിന് 20 വയസ് മാത്രമെ പ്രായമായിട്ടുള്ളൂ എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്,’ ആന്‍സലോട്ടി പറഞ്ഞു.
103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.
ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.
Content Highlights: Carlo Ancelotti praises Jude Bellingham