പ്രീ സീസണ്‍ ഫ്രണ്ട്‌ലി മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് എ.സി മിലാനോട് പരാജയപ്പെട്ടിരുന്നു. സോള്‍ജ്യര്‍ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെട്ടത്.
പുതിയ സീസണിന് മുന്നോടിയായി ടീമിലെത്തിച്ച ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക്കും തുര്‍ക്കിയുടെ വണ്ടര്‍ കിഡ് അര്‍ദ ഗുലറും കളത്തിലിറങ്ങിയിട്ടും റയലിന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോള്‍ ബ്രസീലിയന്‍ താരം എന്‍ഡ്രിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ്ബ് മാനേജരും ഇതിഹാസ പരിശീലകനുമായ കാര്‍ലോ ആന്‍സലോട്ടി. കളിക്കളത്തില്‍ എന്‍ഡ്രിക് വളരെ ഫാസ്റ്റാണെന്നും ഇതുപോലെ ഒരു താരത്തെ കാണുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
മിലാനെതിരായ തോല്‍വിക്ക് പിന്നാലെയാണ് ആന്‍സലോട്ടി എന്‍ഡ്രിക്കിനെ പ്രശംസിച്ച് സംസാരിച്ചത്.
‘അവന്‍ വളരെ വേഗതയേറിയ താരമാണ്, ടൈറ്റ് പാസുകളില്‍ വളരെ അപകടകാരിയാണ്, ചെറിയ സ്‌പേസില്‍ പോലും വേഗതയോടെ വെട്ടിത്തിരയിയാന്‍ അവന് സാധിക്കുന്നു, വളരെ വേഗം എതിരാളികളുടെ പൂട്ടില്‍ നിന്നും രക്ഷപ്പെടാനും അവനാകും. ഇതെല്ലാം അവനൊരു മികച്ച താരമാണെന്ന് വ്യക്തമാക്കുന്നതാണ്. ഇത്തരത്തില്‍ ഒരു താരത്തെ കാണുക വളരെ അപൂര്‍വമാണ്,’ ആന്‍സലോട്ടി പറഞ്ഞു.
റയല്‍ ജേഴ്‌സിയില്‍ കളിച്ച ആദ്യ മത്സരത്തില്‍ ഗോളൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും കളിക്കളത്തില്‍ മികച്ച നീക്കങ്ങള്‍ നടത്താന്‍ താരത്തിന് സാധിച്ചിരുന്നു. രണ്ടാം പകുതിയില്‍ ആന്‍സലോട്ടി തിരികെ വിളിക്കുന്നതിന് മുമ്പായി ഒമ്പതില്‍ ഏഴ് പാസുകള്‍ പൂര്‍ത്തിയാക്കുകയും അഞ്ചില്‍ രണ്ട് ഡുവല്‍ വിജയിക്കുകയും ചെയ്തിരുന്നു.
2022ലാണ് പാല്‍മെറിസില്‍ നിന്നും റയല്‍ താരത്തെ ടീമിലെത്തിക്കുന്നത്. എന്നാല്‍ അന്ന് താരത്തിന് 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ ഇത്രയും കാലം ലോസ് ബ്ലാങ്കോസിന് കാത്തിരിക്കേണ്ടി വന്നിരുന്നു.
ജൂലൈ 27നാണ് ടീം താരത്തെ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ അവതരിപ്പിച്ചത്.
പാല്‍മിറസിന് വേണ്ടി 82 മത്സരത്തിലാണ് എന്‍ഡ്രിക് ബൂട്ടുകെട്ടിയത്. 21 ഗോളുകള്‍ നേടിയ താരം നാല് ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
അതേസമയം, മത്സരത്തിന്റെ 55ാംമിനിട്ടില്‍ സാമുവല്‍ ചുക്യൂസിലൂടെയാണ് എ.സി മിലാന്‍ മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്തിയത്.
റയലിന്റെ മധ്യനിരയില്‍ നിന്നുമുണ്ടായ പിഴവില്‍ നിന്നും ഇറ്റാലിയന്‍ വമ്പന്മാര്‍ ഗോളാക്കി മാറ്റിയത്. പെനാല്‍ട്ടി ബോക്സില്‍ നിന്നും സാമുവല്‍ കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.
എന്‍ഡ്രിക്കിന് പുറമെ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയ അര്‍ദ ഗുലറും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍തുര്‍ക്കിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഗുലര്‍ നടത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് താരം നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടവും താരം സ്വന്തമാക്കിയിരുന്നു.
യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരു എഡിഷനില്‍ ഒരു ഗോളും അസിസ്റ്റും നേടുന്ന മൂന്നാമത്തെ യുവതാരമായി മാറാനാണ് ഗുലറിന് സാധിച്ചത്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയുമാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
അതേസമയം ഓഗസ്റ്റ് നാലിനാണ് റയല്‍ മാഡ്രിഡ് അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബാഴ്സലോണയാണ് ലോസ് ബ്ലാങ്കോസിന്റെ എതിരാളികള്‍. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം എ.സി മിലാനും കറ്റാലന്‍മാര്‍ക്കെതിരെ ബൂട്ട് കെട്ടും. എം ആന്‍ഡ് ടി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content highlight: Carlo Ancelotti praises Endrick