ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം ചെല്‍സിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം. ആദ്യ പാദ മത്സരത്തില്‍ കരിം ബെന്‍സെമയും മാര്‍ക്കോ അസെന്‍സിയോയും റയലിനായി ഓരോ ഗോള്‍ വീതം നേടി. ഏപ്രില്‍ 19നാണ് രണ്ടാം പാദ മത്സരം നടക്കുക.
2015ലാണ് മാര്‍ക്കോ അസെന്‍സിയോ റയല്‍ മാഡ്രിഡില്‍ ചേരുന്നത്. ലോസ് ബ്ലാങ്കോസിനായി കളിച്ച 273 മത്സരങ്ങളില്‍ നിന്ന് 58 ഗോളും 30 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. 2016-17 സീസണില്‍ മികച്ച പ്രകടം പുറത്തെടുത്ത താരം ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നിരുന്നാലും 27കാരനായ താരം ഈ സീസണിന്റെ അവസാനം ബാഴ്‌സലോണ എഫ്.സിയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലാ ലിഗ പോയിന്റ് പട്ടികയില്‍ 28 മത്സരങ്ങളില്‍ നിന്ന് 18 ജയവും അഞ്ച് തോല്‍വിയുമായി 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡിന്റെ സ്ഥാനം. ഇത്രതന്നെ മത്സരങ്ങളില്‍ നിന്ന് 23 ജയവും രണ്ട് തോല്‍വിയുമായി 72 പോയിന്റോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏപ്രില്‍ 15ന് കാഡിസിനെതിരെയാണ് ലാ ലിഗയില്‍ ലോസ് ബ്ലാങ്കോസിന്റെ അടുത്ത മത്സരം.