മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പറയാന്‍ സാധിക്കില്ല; അഭിപ്രായപ്രകടനവുമായി പരിശീലകന്‍
Football
മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പറയാന്‍ സാധിക്കില്ല; അഭിപ്രായപ്രകടനവുമായി പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st July 2023, 9:00 pm

ലയണല്‍ മെസി ലോകത്തിലെ മികച്ച താരമാണെന്ന് തനിക്ക് പറയാനാകില്ലെന്ന് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി. ലോകകപ്പില്‍ അര്‍ജന്റീന കിരീടമുയര്‍ത്തിയതോടെ ആരാധകര്‍ മെസിയെ വാനോളം പുകഴ്ത്തുകയായിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആന്‍സലോട്ടി പറഞ്ഞ വാചകങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്ന് എന്റെ വായില്‍ നിന്ന് പറഞ്ഞു കേള്‍ക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി ചാമ്പ്യന്മാരായത് പ്രശംസനീയമായ കാര്യമാണെങ്കിലും മെസിയെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ആന്‍സലോട്ടി പറഞ്ഞു. അങ്ങനെയൊരു കളിക്കാരനെ എടുത്തു പറയാന്‍ പറ്റില്ലെന്നും ഓരോ കാലഘട്ടത്തിലും ഓരോ താരങ്ങളുണ്ടായിട്ടുണ്ടെന്നും ആന്‍സലോട്ടി വ്യക്തമാക്കി.

അതേസമയം, 1986ന് ശേഷം ആദ്യമായി അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോല്‍വി വഴങ്ങിക്കൊണ്ടാണ് അര്‍ജന്റീന തുടങ്ങിയതെങ്കിലും തുടര്‍ന്നങ്ങോട്ട് അപരാജിത കുതിപ്പ് നടത്തി വിശ്വകിരീടമുയര്‍ത്താന്‍ ആല്‍ബിസെലസ്റ്റക്ക് സാധിച്ചിരുന്നു.

ഫൈനലില്‍ ഫ്രാന്‍സിനോട് 3-3ന്റെ സമനില വഴങ്ങിയ ടീം അര്‍ജന്റീന അധിക സമയത്തെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ജയമുറപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളും നേടിയ മെസി മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

ഇതിനിടെ, യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചത്.

കഴിഞ്ഞ ദിവസമാണ് മയാമി മെസിയെ അവതരിപ്പിച്ചത്. ആരാധകരാല്‍ തിങ്ങി നിറഞ്ഞ ഹെറോണ്‍സിന്റെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയം കയ്യടികളോടെയാണ് തങ്ങളുടെ ലോക ചാമ്പ്യനെ സ്വീകരിച്ചത്. ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ ജേഴ്സിയിലാണ് മെസി കളിക്കുക.

Content Highlights: Carlo Ancelotti claims Lionel Messi is not the best in Football