football news
ഞങ്ങളെ തോൽപ്പിച്ചത് റഫറി; ബാഴ്സലോണക്കെതിരെയുള്ള മത്സരത്തിൽ സംശയം പ്രകടിപ്പിച്ച് റയൽ പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 20, 11:54 am
Monday, 20th March 2023, 5:24 pm

തിങ്കളാഴ്ച നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ചിര വൈരികളായ ബാഴ്സലോണയെ തകർത്ത് ലീഗിലെ തങ്ങളുടെ അപ്രമാദിത്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ബാഴ്സലോണ.

ഈ മത്സരത്തിൽ കൂടി പരാജയം ഏറ്റുവാങ്ങിയതോടെ തുടർച്ചയായി മൂന്ന് എൽ ക്ലാസിക്കോ മത്സരങ്ങളിൽ ബാഴ്സക്ക് മുമ്പിൽ അടിപതറി എന്ന നാണക്കേടാണ് റയലിനെ തേടിയെത്തിയിരിക്കുന്നത്.

ഇതോടെ യൂറോപ്പിലെ ഏത് ക്ലബ്ബും എതിർക്കാൻ ഭയക്കുന്ന റയൽ, ബാഴ്സക്ക് മുന്നിലെത്തുമ്പോൾ കളി മറക്കും എന്ന രീതിയിലുള്ള വിമർശനങ്ങൾ ശക്തമാണ്.

എന്നാൽ മത്സരത്തിലെ പരാജയത്തിന് പിന്നാലെ കളിയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി.

മത്സരത്തിൽ മാർക്കോ അസൻസിയോ റയലിനായി നേടിയ ഒരു ഗോൾ ഓഫ് സൈഡ് വിളിക്കപ്പെട്ടിരുന്നു ഇതാണ് മത്സരത്തിൽ തങ്ങൾക്ക് എതിരായി ഭവിച്ച ഘടകം എന്നാണ് ആൻസലോട്ടി വിലയിരുത്തുന്നത്.

മത്സരശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ‘വാർ’ മുഖേന തങ്ങൾക്ക് നഷ്ടപ്പെട്ട ഗോളിനെക്കുറിച്ച് ആൻസലോട്ടി സംശയം പ്രകടിപ്പിച്ചത്.
“മത്സരം അറുപത് മിനിട്ട് പിന്നിടുമ്പോൾ തന്നെ ഞാൻ ധാരാളം മാറ്റങ്ങൾ വരുത്തിയിരുന്നു.

അവസാന പതിനഞ്ച് മിനിട്ടിലും കളിയിൽ ഞങ്ങൾക്ക് മുന്നേറാൻ സാധിക്കുന്ന തരത്തിലുള്ള വ്യത്യാസങ്ങൾ ഞാൻ വരുത്തി. കളിയിൽ ഞങ്ങൾ പരാജയപ്പെട്ടതിന് കാരണം അസൻസിയോയുടെ ഓഫ് സൈഡ് ഗോളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആ ഓഫ്സൈഡിൽ ഞങ്ങൾക്ക് ഇപ്പോഴും സംശയമുണ്ട്. ആ സംശയവും വെച്ച് കൊണ്ടാണ് ഞങ്ങൾ മാഡ്രിഡിലേക്ക് തിരിച്ചു പോവുന്നത്,’ ആൻസലോട്ടി പറഞ്ഞു.

കൂടാതെ എന്തായാലും മത്സരത്തിൽ പരാജയപ്പെട്ടെന്നും അത് ഗോളാണോ എന്നാലോചിച്ച് ഇനി തലപുകച്ചിട്ട് കാര്യമില്ലെന്നും കൂടി ആൻസലോട്ടി കൂട്ടിച്ചേർത്തു.


അതേസമയം നിലവിൽ ലാ ലിഗയിൽ 26 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളോടെ 56 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാമതാണ് റയൽ മാഡ്രിഡ്‌. ഏപ്രിൽ രണ്ടിന് വല്ലാഡോലിദിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Carlo Ancelotti claims he was doubt about the war decision against barcelona match