സ്പാനിഷ് ടോപ്പ് ടയര്‍ ഫുട്‌ബോള്‍ ലീഗായ ലാ ലിഗയിലെ വമ്പന്‍ ക്ലബ്ബുകളിലൊന്നായ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റൊണാള്‍ഡോ. റയല്‍ മാഡ്രിഡിനായി മിന്നും പ്രകടനം കാഴ്ചവെച്ച താരത്തെ ക്ലബ്ബിന്റെ ഇതിഹാസമായാണ് കണക്കാക്കുന്നത്.
എന്നാല്‍ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്കും പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും പോയ താരത്തിന് റയലിലേക്ക് തിരിച്ചു പോകാന്‍ തടസമായതാരെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നും 2021ല്‍ പിരിഞ്ഞതിന് ശേഷം റയല്‍ മാഡ്രിഡിലേക്ക് മടങ്ങിപ്പോവാന്‍ റൊണാള്‍ഡോ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ആ ശ്രമങ്ങളോട് ക്ലബ്ബ് പ്രസിഡന്റായിരുന്ന ഫ്‌ലോറന്റീനോ പെരസ് താത്പര്യം കാട്ടിയിരുന്നില്ല.
പിന്നീട് യുണൈറ്റഡില്‍ നിന്ന് വഴിപിഴിഞ്ഞ ശേഷവും തന്റെ ഏജന്റായിരുന്ന ജോര്‍ജ് മെന്‍ഡിസ് വഴി റൊണാള്‍ഡോ റയലിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിരുന്നു അതിനും റയലിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ലഭിച്ചിരുന്നില്ല.
അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.
അതേസമയം, ഫുട്‌ബോളില്‍ തന്റെ 38ാം വയസിലും റെക്കോഡുകള്‍ അടിച്ചെടുത്ത് ചരിത്രം കുറിക്കുകയാണ് റൊണാള്‍ഡോ. അഞ്ച് ബാലണ്‍ ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഗിന്നസ് റെക്കോഡിനും അര്‍ഹനായിരിക്കുകയാണ്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് താരത്തെ തേടി ഗിന്നസ് റെക്കോഡ് എത്തിയിരിക്കുന്നത്. യൂറോ 2024 ക്വാളിഫയേഴ്സില്‍ ഐസ്ലന്‍ഡിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിനായി ഗോള്‍ നേടിയത്.