| Monday, 22nd May 2023, 1:15 pm

മത്സരം നിര്‍ത്തിവെക്കണം, അതിപ്പോള്‍ ഞങ്ങള്‍ 3-0ന് ജയിക്കുകയാണെങ്കില്‍ കൂടിയും; വംശീയാധിക്ഷേപത്തില്‍ വിനിയെ ചേര്‍ത്തുപിടിച്ച് ആന്‍സലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

വലന്‍സിയക്കെതിരായ മത്സരത്തില്‍ വംശീയാധിക്ഷേപത്തിന് പിന്നാലെ റയലിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. വിനീഷ്യസ് ലോകത്തിലെ തന്നെ മികച്ച താരങ്ങളില്‍ ഒരാളാണെന്നും അവനൊപ്പം നില്‍ക്കുകയാണെന്നും പറഞ്ഞ ആന്‍സലോട്ടി ഇത്തരമൊരു സംഭവം നടന്നാല്‍ മത്സരം നിര്‍ത്തിവെക്കണമെന്നും പറഞ്ഞു.

‘നമുക്കൊരു പ്രശ്‌നമുണ്ട്. വിനീഷ്യസ് ജൂനിയര്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളാണ്. ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ താരമാണ്.

ലാ ലിഗക്ക് വലിയൊരു പ്രശ്‌നമുണ്ട്. വംശീയാധിക്ഷേപപരമായ ഇത്തരമൊരു സംഭവം നടക്കുകയാണെങ്കില്‍ അവര്‍ മത്സരം നിര്‍ത്തിവെക്കണം. എന്നാല്‍ അതിന് അവരൊരിക്കലും തയ്യാറാകില്ല.

മറ്റു സ്റ്റേഡിയങ്ങളില്‍ മുമ്പ് നടന്നതുപോലെ ഒന്നോ രണ്ടോ ആളുകളല്ല വശീയപരമായ അധിക്ഷേപങ്ങള്‍ ചൊരിയുന്നത്. ഇവിടെ ഒരു സ്റ്റേഡിയമൊന്നാകെ ഒരു കളിക്കാരനെ വംശീയപരമായി അധിക്ഷേപിക്കുകയാണ്.

ഇങ്ങനെ ഒരു സംഭവം നടക്കുകയാണെങ്കില്‍ മത്സരം ഉടന്‍ തന്നെ നിര്‍ത്തിവെക്കപ്പെടണം. ഇതിപ്പോള്‍ ഞങ്ങള്‍ 3-0ന് ജയിക്കുന്ന അവസ്ഥയിലാണെങ്കില്‍ക്കൂടിയും മത്സരം നിര്‍ത്തിവെക്കണമെന്ന് തന്നെ ഞാന്‍ പറയും.

നമ്മള്‍ മത്സരം നിര്‍ത്തിവെക്കണം, അതല്ലാത്ത മറ്റൊരു ഓപ്ഷനുമില്ല. കാരണം ഇതൊരു മോശം സന്ദേശമാണ് നല്‍കുന്നത്,’ മത്സരശേഷമുള്ള അഭിമുഖത്തില്‍ ആന്‍സലോട്ടി പറഞ്ഞു.

വലന്‍സിയയുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തിലാണ് വലന്‍സിയ ആരാധകര്‍ വിനീഷ്യസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. മത്സരത്തിന്റെ 73ാം മിനിട്ടിലായിരുന്നു സംഭവം നടന്നത്. കാണികളെ ചൂണ്ടി വിനീഷ്യസ് ഇക്കാര്യം പറയുകയും അവരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.

ഇതിന് പുറമെ മത്സരത്തില്‍ വലന്‍സിയ താരങ്ങളുമായി കയ്യാങ്കളിയിലേര്‍പ്പെട്ടതിന് പിന്നാലെ താരത്തിന് ചുവപ്പ് കാര്‍ഡും ലഭിച്ചിരുന്നു.

തനിക്ക് നേരിട്ട വംശീയാധിക്ഷേപത്തില്‍ വിനീഷ്യസും പ്രതികരിച്ചിരുന്നു. അത് ആദ്യമായല്ല ഇത്തരമൊരും സംഭവമുണ്ടാകുന്നതെന്നും റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസി പോലുള്ള ഇതിഹാസ താരങ്ങള്‍ കളിച്ചിരുന്ന ലീഗ് ഇപ്പോള്‍ വെറും വംശീയമാണെന്നായിരുന്നു താരം പ്രതികരിച്ചത്.

വംശീയാധിക്ഷേപത്തിന് പിന്നാലെ റയലിലെ സഹതാരങ്ങളും നെയ്മര്‍ ജൂനിയര്‍ അടക്കമുള്ള മറ്റ് താരങ്ങളും വിനിക്ക് പിന്തുണയുമായി എത്തിയിരുന്നു.

Content highlight: Carlo Ancelotti backs Vinicius Jr after racial abuse

We use cookies to give you the best possible experience. Learn more