ഖത്തര്‍ ലോകകപ്പില്‍ വിശ്വകിരീടം നേടിയതോടെ അര്‍ജന്റൈന്‍ ഇതിഹാസതാരം ലയണല്‍ മെസിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് ആളുകള്‍ താരത്തെ കാണുന്നത്.
എന്നാല്‍ മെസി ലോകത്തിലെ മികച്ച താരമാണെന്ന് തനിക്ക് പറയാനാകില്ലെന്നാണ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി പറയുന്നത്. മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്ന് എന്റെ വായില്‍ നിന്ന് പറഞ്ഞു കേള്‍ക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി ചാമ്പ്യന്മാരായത് പ്രശംസനീയമായ കാര്യമാണെങ്കിലും മെസിയെ ഏറ്റവും മികച്ചതെന്ന് വിശ്വസിപ്പിക്കാനാകില്ലെന്നും ആന്‍സലോട്ടി കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊരു കളിക്കാരനെ എടുത്തു പറയാന്‍ പറ്റില്ലെന്നും ഓരോ കാലഘട്ടത്തിലും ഓരോ താരങ്ങളുണ്ടായിട്ടുണ്ടെന്നും ആന്‍സലോട്ടി വ്യക്തമാക്കി.
അതേസമയം ആന്‍സലോട്ടി ബ്രസീല്‍ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്നെ ഇക്കാര്യം പറഞ്ഞ് ബ്രസീലില്‍ നിന്ന് ആരും സമീപിച്ചിട്ടില്ലെന്നും റയല്‍ മാഡ്രിഡില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘എനിക്കറിയില്ല, ബ്രസീല്‍ പരിശീലകനാകണമെന്ന് ആവശ്യപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. ബ്രസീല്‍ ഫെഡറേഷനില്‍ നിന്ന് ആരും വിളിച്ചിട്ടുമില്ല. റയല്‍ മാഡ്രിഡില്‍ തുടരാനാണ് എന്റെ ആഗ്രഹം. ഞാനൊരിക്കലും പോകണമെന്ന് റയലിനോട് ആവശ്യപ്പെടില്ല,’ ആന്‍സലോട്ടി വ്യക്തമാക്കി.
ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീല്‍ ദേശീയ ടീം. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോടു തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതിനു പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.