ഫുട്‌ബോളിലെ ഇതിഹാസ പരിശീലകരില്‍ ഒരാളാണ് ഇറ്റാലിയന്‍ മാനേജര്‍ കാര്‍ലോ ആന്‍സലോട്ടി. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിലെ മികച്ച ക്ലബ്ബുകള്‍ക്കൊപ്പം ഒരുപിടി മികച്ച താരങ്ങളെ പരിശീലിപ്പിച്ച അനുഭവസമ്പത്ത് ആന്‍സലോട്ടിക്കുണ്ട്.
ഇപ്പോഴിതാ പരിശീലകനെന്ന നിലയില്‍ തനിക്ക് കോച്ചിങ് ചെയ്യാന്‍ സാധിക്കാതെ പോയ താരത്തെക്കുറിച്ച് തുറന്നു പറഞ്ഞു ആന്‍സലോട്ടി. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയാണ് ആന്‍സലോട്ടി തനിക്ക് പരിശീലിപ്പിക്കാന്‍ സാധിക്കാതെ പോയ താരമായി തെരഞ്ഞെടുത്തത്.
‘പരിശീലകന്‍ എന്ന നിലയില്‍ എനിക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ പോയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് മെസി. എന്റെ കരിയറില്‍ ഞാന്‍ പരിശീലിപ്പിച്ച താരങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അവരെയെല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട്. ഞാന്‍ പരിശീലിപ്പിച്ച ടീമുകള്‍, സ്‌ക്വാഡ് ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച നല്ല സമയങ്ങള്‍ എന്നിവയെല്ലാം ഞാന്‍ ഓര്‍ക്കും,’ കാര്‍ലോ ആന്‍സലോട്ടി ദി ഒബി വണ്‍ പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ ഓരോ ക്ലബ്ബിനൊപ്പവും ലീഗ് കിരീടം സ്വന്തമാക്കാന്‍ ആന്‍സലോട്ടിക്ക് സാധിച്ചിട്ടുണ്ട്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗ് കിരീടങ്ങള്‍ എല്ലാം നേടുന്ന ആദ്യ മാനേജറും ആന്‍സലോട്ടി തന്നെയാണ്.
റയല്‍ മാഡ്രിഡ്, എ.സി മിലാന്‍, പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളെയാണ് ആന്‍സലോട്ടി പരിശീലിപ്പിച്ചത്. അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളടക്കം 28 ട്രോഫികള്‍ ആണ് തന്റെ മാനേജിങ് കരിയറില്‍ ആന്‍സലോട്ടി സ്വന്തമാക്കിയത്.
നിലവില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ പരിശീലകനാണ് ആന്‍സലോട്ടി. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും ലാ ലിഗ കിരീടത്തിലേക്കും നയിക്കാനും ആന്‍സലോട്ടിക്ക് സാധിച്ചു.
ലയണല്‍ മെസിയും ഐതിഹാസികമായ ഒരു ഫുട്‌ബോള്‍ കരിയറാണ് പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ യാത്ര നടത്താന്‍ മെസിക്ക് സാധിച്ചിരുന്നു. പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും മെസി പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.
Content Highlight: Carlo Anceloti Talks About Lionel Messi