| Friday, 2nd August 2024, 3:48 pm

എന്റെ പരിശീലകനായുള്ള യാത്രയുടെ അവസാനം അങ്ങനെയായിരിക്കും: മനസ് തുറന്ന് ആന്‍സലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ ഇതിഹാസ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടി ഫുട്‌ബോളിലെ തന്റെ കോച്ചിങ് കരിയറിന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. പരിശീലകന്‍ എന്ന നിലയില്‍ റയല്‍ മാഡ്രിഡ് തന്റെ അവസാന ക്ലബ്ബ് ആയിരിക്കുമെന്നാണ് ആന്‍സലോട്ടി പറഞ്ഞത്.

‘റയല്‍ മാഡ്രിഡ് എന്റെ അവസാന ക്ലബ്ബ് ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോള്‍ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ എനിക്ക് ആവേശം തോന്നുന്നില്ല. കാരണം എന്തെന്നാല്‍ എനിക്കിപ്പോള്‍ ഏറ്റവും ഇഷ്ടമുള്ളത് എന്റെ കളിക്കാർക്കും സ്റ്റാഫിനുമൊപ്പമുള്ള നിമിഷങ്ങളാണ്,’ കാര്‍ലോ ആന്‍സലോട്ടി ദി ഒബി വണ്‍ പോഡ്കാസ്റ്റിലൂടെ പറഞ്ഞു.

1992ല്‍ ഇറ്റാലിയൻ അരിഗോ സച്ചിയുടെ അസിസ്റ്റന്റ് മാനേജറായാണ് ആന്‍സലോട്ടി തന്റെ പരിശീലകനായുഉള്ള യാത്ര ആരംഭിക്കുന്നത്. പിന്നീട് 1995ല്‍ റെജിയാനൊക്കൊപ്പം പ്രധാന പരിശീലകനായി ചുമതലയേറ്റു. പിന്നീട് യൂറോപ്യന്‍ ഫുട്‌ബോളില്‍ നീണ്ടകാലത്തെ പരിശീലക കരിയറാണ് ആന്‍സലോട്ടി പടുത്തുയര്‍ത്തിയത്.

റയല്‍ മാഡ്രിഡിന് പുറമേ എ.സി മിലാന്‍, പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളെയും ആന്‍സലോട്ടി പരിശീലിപ്പിച്ചു. അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളടക്കം 28 ട്രോഫികള്‍ ആണ് തന്റെ മാനേജിങ് കരിയറില്‍ നേടിയെടുത്തിട്ടുള്ളത്.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും ലാ ലിഗ കിരീടത്തിലേക്കും നയിക്കാന്‍ ആന്‍സലോട്ടിക്ക് സാധിച്ചിട്ടുണ്ട്. റയലിനായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം, രണ്ട് വീതം ക്ലബ്ബ് ലോകകപ്പ്, യൂറോപ്യൻ സൂപ്പർ കപ്പ്, രണ്ട് ലാ ലിഗ, രണ്ട് കോപ്പ ഡെൽറേ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ് എന്നീ കിരീടങ്ങളാണ് അൻസലോട്ടി സാന്റിയാഗോ ബെർണാബ്യൂവിൽ എത്തിച്ചത്.

പുതിയ സീസണിൽ ഒരുപിടി മികച്ച താരങ്ങളുമായാണ് റയല്‍ മാഡ്രിഡ് ആന്‍സലോട്ടിയുടെ കീഴില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ബ്രസീലിയന്‍ വണ്ടര്‍ കിഡ് എന്‍ഡ്രിക് തുര്‍ക്കിയുടെ യുവതാരം അര്‍ധ ഗുലര്‍ തുടങ്ങിയ യുവ നിരയെയാണ് ഈ സീസണിൽ റയൽ സ്വന്തമാക്കിയത്.

ഓഗസ്റ്റ് 14ന് നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പാണ് ഇനി ലോസ് ബ്ലാങ്കോസിന്റെ മുന്നിലുള്ളത്. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍സും യൂറോപ്പ ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്‍ഡയാണ് റയലിന്റെ എതിരാളികള്‍.

Content Highlight: Carlo Anceloti Talks About His Future in Football

We use cookies to give you the best possible experience. Learn more