| Friday, 27th January 2023, 10:29 pm

ബ്രസീലിലേക്ക് പോകുന്നുണ്ടെന്നാണോ അറിയേണ്ടത്, ഒരു കാര്യം തീര്‍ച്ചപ്പെടുത്താം: കാര്‍ലോ ആന്‍സലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീല്‍ ദേശീയ ടീം. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോടു തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതിനു പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.

നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ല. മൗറിഞ്ഞോസിന്റെയും സിനഡിന്‍ സിദാന്റെയും പേരുകള്‍ പട്ടികയിലുണ്ടായിരുന്നു.

ഇക്കൂട്ടത്തില്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടിയുടെ പേരും ചേര്‍ക്കപ്പെട്ടു. ആന്‍സലോട്ടി ബ്രസീല്‍ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ആന്‍സലോട്ടി. തന്നെ ഇക്കാര്യം പറഞ്ഞ് ബ്രസീലില്‍ നിന്ന് ആരും സമീപിച്ചിട്ടില്ലെന്നും റയല്‍ മാഡ്രിഡില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘എനിക്കറിയില്ല, ബ്രസീല്‍ പരിശീലകനാകണമെന്ന് ആവശ്യപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. ബ്രസീല്‍ ഫെഡറേഷനില്‍ നിന്ന് ആരും വിളിച്ചിട്ടുമില്ല. റയല്‍ മാഡ്രിഡില്‍ തുടരാനാണ് എന്റെ ആഗ്രഹം. ഞാനൊരിക്കലും പോകണമെന്ന് റയലിനോട് ആവശ്യപ്പെടില്ല.

ഒരു കാര്യം തീര്‍ച്ചപ്പെടുത്താം, ബ്രസീല്‍ ടീമുമായി ഞാനൊരു തരത്തിലുള്ള ബന്ധവും പുലര്‍ത്തുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ നിങ്ങളെ എന്തായാലും അറിയിക്കുന്നതായിരിക്കും,’ ആന്‍സലോട്ടി വ്യക്തമാക്കി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനഡിന്‍ സിദാനെയാണ് ബ്രസീല്‍ പ്രധാനമായും പരിഗണിക്കുന്നത്. ഇതിന് പുറമെ മുന്‍ ചെല്‍സി പരിശീലകനായ തോമസ് ടുഷെല്‍, ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ എത്തിച്ചിട്ടുള്ള റാഫേല്‍ ബെനിറ്റസ് എന്നിവരും ബ്രസീലിന്റെ ലിസ്റ്റിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടില്ല.

അതേസമയം, ക്രൊയേഷ്യക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. തോല്‍വിയെ തുടര്‍ന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു.

61കാരനായ ടിറ്റെ 2016 മുതല്‍ ബ്രസീലിന്റെ പരിശീലകനായിരുന്നു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018ല്‍ കോപ്പ അമേരിക്ക കിരീടം നേടിയത്.

എന്നാല്‍ 2018, 2022 ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായില്ല. ലോകകപ്പ് മത്സരങ്ങളിലെ ടീം സെലക്ഷനിലും ക്രൊയേഷ്യക്കെതിരായ ഷൂട്ടൗട്ടില്‍ കിക്കെടുക്കാന്‍ താരങ്ങളെ തെരഞ്ഞെടുത്തതിലും ടിറ്റെക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു.

Content Highlights: Carlo Anceloti talking about Brazilian coach position

We use cookies to give you the best possible experience. Learn more