അവര്‍ അപകടകാരികളാണ്, മത്സരം എങ്ങനെ വിജയിക്കണമെന്ന് അവര്‍ക്കറിയാം: കാര്‍ലോ ആന്‍സലോട്ടി
Football
അവര്‍ അപകടകാരികളാണ്, മത്സരം എങ്ങനെ വിജയിക്കണമെന്ന് അവര്‍ക്കറിയാം: കാര്‍ലോ ആന്‍സലോട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 3:38 pm

ഇന്ന് നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ കരുത്തരായ അറ്റ്‌ലാന്‍ന്റയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്മാരും മുഖാമുഖമെത്തുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നുറപ്പാണ്.

ഇപ്പോഴിതാ ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി അറ്റ്‌ലാന്‍ന്റയുടെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ഇറ്റാലിയന്‍ ക്ലബ്ബ് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അവര്‍ അപകടകാരികളാണെന്നുമാണ് ആന്‍സലോട്ടി പറഞ്ഞത്. മാഡ്രിഡ് എക്‌സ്ട്രായിലൂടെ സംസാരിക്കുകയായിരുന്നു റയല്‍ പരിശീലകന്‍.

‘അറ്റ്‌ലാന്റക്ക് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ എത്താന്‍ അര്‍ഹതയുണ്ട്. അവര്‍ ഒരു മികച്ച ടീമാണ്, അവര്‍ക്ക് അതിശയിപ്പിക്കുന്ന ഒരു സീസൺ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫൈനലില്‍ മികച്ച ഒരു ടീമാവും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് ഈ മത്സരം വിജയിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെ ഞങ്ങള്‍ അവരെ ബഹുമാനിക്കുന്നു. അറ്റ്‌ലാന്‍ഡ അപകടകരമായ ഒരു ടീമാണ് അവര്‍ വളരെ അതുല്യമായ രീതിയിലാണ് കളിക്കുന്നത്,’ കാര്‍ലോ ആന്‍സലോട്ടി.

ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ നീണ്ട 12 വര്‍ഷത്തെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് കിരീടം നേടിയ ബയര്‍ ലെവര്‍ക്കൂസനെ തകര്‍ത്താണ് അറ്റ്‌ലാന്റ യൂറോപ്പ ലീഗ സ്വന്തമാക്കിയത്.

ബുണ്ടസ്‌ലീഗ സ്വന്തമാക്കിയ ആത്മവിശ്വാസവുമായി യൂറോപ്പ ലീഗിന്റെ ഫൈനലില്‍ എത്തിയ സാബി അലോണ്‍സയെയും കൂട്ടരെയും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അറ്റ്‌ലാന്റ പരാജയപ്പെടുത്തിയത്. തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ യൂറോപ്പ ലീഗ് കിരീട നേട്ടമായിരുന്നു ഇത്.

മറുഭാഗത്ത് ലോസ് ബ്ലാങ്കോസ് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് വീണ്ടും യൂറോപ്പിന്റെ നെറുകയില്‍ എത്തിയത്. സ്പാനിഷ് വമ്പന്‍മാരുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടമായിരുന്നു ഇത്.

ഇതിനുമുമ്പ് അഞ്ച് തവണയാണ് ലോസ് ബ്ലാങ്കോസ് യുവേഫ സൂപ്പര്‍ കപ്പ് നേടിയിട്ടുള്ളത്. 2002, 2014, 2016, 2017, 2022 എന്നീ വര്‍ഷങ്ങളിലായിരുന്നു റയല്‍ കിരീടം ചൂടിയത്. അതുകൊണ്ടുതന്നെ തങ്ങളുടെ ചരിത്രത്തിലെ ആറാം യുവേഫ സൂപ്പര്‍ കപ്പ് സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ എത്തിക്കാന്‍ റയലും ആദ്യത്തെ യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ക്ലബ്ബും ഇറങ്ങുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

 

Content Highlight: Carlo Anceloti Praises Atalanta Great Performance