| Thursday, 16th November 2023, 10:24 am

സാവിയിലും ബാഴ്സയിലും എനിക്ക് വിശ്വാസമുണ്ട്; കറ്റാലന്‍മാരുടെ മോശം പ്രകടനങ്ങളില്‍ പിന്തുണയുമായി ഇതിഹാസതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണിലെ ബാഴ്സലോണയുടെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ബാഴ്സ താരവും സ്പാനിഷ് സെന്റര്‍ ബാക്കുമായ സ്പാനിഷ് താരം കാര്‍ലോസ് പുയോള്‍.

സാവിയുടെ കീഴില്‍ സമീപ കാലങ്ങളില്‍ ബാഴ്‌സ നടത്തുന്ന ചില മോശം പ്രകടനങ്ങള്‍ മാറ്റിയെടുക്കാനായി ടീമിന് പിന്തുണ നല്‍കുകയായിരുന്നു പുയോള്‍.

ലാ ലിഗയില്‍ അപരാജിത കുതിപ്പുമായി മികച്ച തുടക്കമാണ് സാവിയുടെ കീഴില്‍ കറ്റാലന്‍മാര്‍ നടത്തിയത്. എന്നാല്‍ എല്‍ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോട് 2-1നും തുടര്‍ന്നുള്ള മത്സരത്തില്‍ റയല്‍ സോസിഡാഡിനോട് ഏകപക്ഷീയമായ ഒരു ഗോളിനും ബാഴ്സ പരാജയപ്പെട്ടിരുന്നു.

അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ ഷാക്തര്‍ ഡൊനെറ്റ്‌സ്‌കിനെതിരെയും ബാഴ്സ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുയോള്‍ തന്റെ പഴയ ക്ലബ്ബിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.

‘സാവിയെയും ബാഴ്സലോണയെയും ഞാന്‍ വിശ്വസിക്കുന്നു. സാവിയുമായി കളിക്കുമ്പോള്‍ ഒരുപാട് നിമിഷങ്ങള്‍ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹം ബാഴ്‌സലോണയില്‍ പരിശീലകനായി എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ഇപ്പോള്‍ ബാഴ്‌സലോണ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സാവിക്ക് നന്നായി അറിയാം. കളിക്കളത്തില്‍ എങ്ങനെയാണ് സാഹചര്യം മാറ്റേണ്ടതെന്നും കളിക്കാര്‍ക്ക് എങ്ങനെ ആത്മവിശ്വാസം നല്‍കാമെന്നും എല്ലാം അവനറിയാം,’ പുയോള്‍ ബാഴ്സ യൂണിവേഴ്‌സലില്‍ പറഞ്ഞു.

ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഉള്ള സമ്മര്‍ദത്തെകുറിച്ചും പുയോള്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ബാഴ്സയെ നന്നായി അറിയാം. രണ്ട് മത്സരങ്ങള്‍ ബാഴ്സ തോല്‍ക്കുകയോ നന്നായി കളിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരും. ഈ സീസണില്‍ ബാഴ്‌സലോണയിലെ നിരവധി താരങ്ങള്‍ക്ക് പരിക്കുകള്‍ നേരിട്ടിരുന്നു. ഇത് കാര്യങ്ങള്‍ വളരെയധികം ബുദ്ധിമുട്ടാക്കും. എന്നാലും എനിക്ക് ടീമില്‍ വിശ്വാസമുണ്ട്. സീസണ്‍ അവസാനത്തിലാണ് നമ്മള്‍ വിലയിരുത്തലുകള്‍ നടത്തേണ്ടത്,’ പുയോള്‍ കൂട്ടിചേര്‍ത്തു.

1999 മുതല്‍ 2014 വരെയാണ് പുയോള്‍ ബാഴ്സക്കായി കളിച്ചത്. 14 സീസണുകളിലായി സ്പാനിഷ് വമ്പന്‍മാരോടൊപ്പം കളിച്ച പുയോള്‍ 410 മത്സരങ്ങളില്‍ നിന്നും 19 ഗോളുകള്‍ നേടിയിട്ടുണ്ട്. 21 ട്രോഫികളും പുയോള്‍ കറ്റാലന്‍മാരൊപ്പം നേടി.

നിലവില്‍ ലാ ലിഗയില്‍ 13 മത്സരങ്ങളില്‍ നിന്നും 30 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സാവിയും കൂട്ടരും. ലാ ലിഗയില്‍ റയോ വല്ലെക്കാനോക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.

Content Highlight: Carles Puyol support Barcelona and xavi for the poor performance of Barcelona.

We use cookies to give you the best possible experience. Learn more