ഫുട്‌ബോളില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സ്‌പെയ്‌നിന്റെ വേള്‍ഡ് കപ്പ് ഹീറോയും ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളുമായ ജെറാര്‍ഡ് പിക്വെക്ക് വൈകാരികമായ സന്ദേശവുമായി ഫുട്‌ബോള്‍ ലെജന്‍ഡ് കാര്‍ലോസ് പുയോള്‍. സ്‌പെയ്‌നിലും ബാഴ്‌സയിലും പിക്വെയുടെ സഹതാരമായിരുന്ന പുയോള്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ്.
അപ്രതീക്ഷിതമായാണ് താരം ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നവംബര്‍ ആറിന് ലാ ലീഗയില്‍ അല്‍മേറിയക്കെതിരായ മത്സരത്തോടെ താരം ബൂട്ടഴിക്കും.
ബാഴ്‌സയുടെ സുവര്‍ണ കാലഘട്ടത്തിലെ പ്രധാനികളിലൊരാളാണ് ഇപ്പോള്‍ ബൂട്ടഴിക്കുന്നത്. 21ാം നൂറ്റാണ്ടില്‍ ബാഴ്‌സയുടെ മോസ്റ്റ് ഐക്കോണിക് താരങ്ങളില്‍ ഒരാളായ പിക്വെയുടെ വിരമിക്കലിന് പിന്നാലെ നിരവധി ആശംസാ സന്ദേശങ്ങളാണ് താരത്തിന് ലഭിക്കുന്നത്.
പിക്വയയുടെ സഹതാരവും ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ കാര്‍ലോസ് പുയോളിന്റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏറെ വൈകാരികമായാണ് താരം പിക്വെക്ക് ആശംസകളറിയിച്ചിരിക്കുന്നത്.
ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പുയോള്‍ താരത്തിന് ആശംസകളറിയിച്ചത്.
‘എല്ലാത്തിനും നന്ദി ജെറി, ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണ്. നിന്നോട് കാണിച്ചത് വളരെ വലിയ അനീതിയാണ്. നിന്നെ പോലെ ബാഴ്‌സയുടെ ജേഴ്‌സിക്കായി നിലകൊണ്ടവര്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ്. ഒരു പ്രിവിലേജെന്നോണം നിനക്കൊപ്പം കളിച്ചുവെന്ന് എനിക്കെപ്പോഴും പറയാന്‍ സാധിക്കും. ഐ ലവ് യൂ ഫ്രണ്ട്,’ എന്നായിരുന്നു പുയോള്‍ ട്വീറ്റ് ചെയ്തത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമായിരുന്നു പിക്വെ കറ്റാലന്‍മാരുടെ പടക്കളത്തിലെത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ നാല് വര്‍ഷത്തില്‍ ആകെ 23 സീനിയര്‍ മത്സരങ്ങള്‍ മാത്രമാണ് പിക്വെക്ക് കളിക്കാന്‍ സാധിച്ചത്.
ബാഴ്‌സയിലെത്തിയ പിക്വെ ടീമിനായി 653 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. 53 ഗോളും 15 അസിസ്റ്റും താരം ബാഴ്ക്കായി നേടിയിട്ടുണ്ട്.
ബാഴ്‌സയുടെ നിരവധി ടൈറ്റില്‍ വിന്നിങ് ക്യാമ്പെയ്‌നുകളിലും പിക്വെ ഭാഗമായിരുന്നു. ലാ ലീഗ, ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് തുടങ്ങി എണ്ണമറ്റ കിരീടങ്ങളില്‍ ബാഴ്‌സ മുത്തമിട്ടപ്പോളെല്ലാം തന്നെ പിക്വെയുടെ സാന്നിധ്യം ടീമിനൊപ്പമുണ്ടായിരുന്നു.
എന്നാല്‍ നിലവില്‍ താരത്തിന് അത്ര മികച്ച സമയമായിരുന്നില്ല. സാവിയുടെ കീഴില്‍ ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്.
എന്നാല്‍ ഭാവിയില്‍ താന്‍ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്ന പ്രഖ്യാപനവും പിക്വെ നടത്തിയിരുന്നു.
‘താമസിയാതെ, അല്ലെങ്കില്‍ കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ ബാഴ്‌സയിലേക്ക് തന്നെ മടങ്ങിയെത്തും,’ എന്നായിരുന്നു പിക്വെ പറഞ്ഞത്.
Content Highlight: Carles Puyol shares farewell message to Gerard Pique