ബാഴ്‌സലോണയിലെ മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായിരുന്നു കാള്‍സ് പുയോള്‍. കരിയറിലുടനീളം മികച്ച എതിരാളികളില്‍ പലരെയും എതിരേല്‍ക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. വേള്‍ഡ് കപ്പ് ഉള്‍പ്പെടെ നിരവധി ചാമ്പ്യന്‍ഷിപ്പ് നേടാനും സ്പാനിഷ് താരമായ പുയോളിന് കഴിഞ്ഞിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സെമ, റൊണാള്‍ഡോ നസാരിയോ, റൗള്‍ ഗോണ്‍സാലെസ്, ലൂയിസ് ഫിഗോ, ഏഞ്ചല്‍ ഡി മരിയ തുടങ്ങിയ ഒട്ടുമിക്ക താരങ്ങളുമായും പുയോള്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്.
ക്രിസ്റ്റ്യാനോയുമായി നിരവധി തവണ കളം പങ്കുവെച്ചിട്ടുണ്ടെങ്കിലും അപകടകാരികളായ എതിരാളികള്‍ ലയണല്‍ മെസിയും ദിദിയര്‍ ദ്രോഗ്ബയുമായിരുന്നെന്നാണ് പുയോള്‍ പറയുന്നത്. മെസി ട്രെയ്‌നിങ് സമയത്തും ദ്രോഗ്ബ ഒഫീഷ്യല്‍ മത്സരങ്ങളിലും മികച്ച എതിരാളികളായി തോന്നിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സോമോസ് ജെന്‍ എന്ന ചാനല്‍ അഭിമുഖത്തിനിടെയാണ് പുയോള്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
ബാഴ്‌സലോണ ചെല്‍സിയുമായി ഏറ്റുമുട്ടുമ്പോഴാണ് ദ്രോഗ്ബ അപകടകരമായി എതിരേറ്റതെന്നും പുയോള്‍ വ്യക്തമാക്കി. ഐവറി കോസ്റ്റ് സ്‌ട്രൈക്കറായിരുന്ന ദ്രോഗ്ബ പ്രീമിയര്‍ ലീഗിലും പ്രകടന മികവ് കൊണ്ട് പേരെടുത്തിരുന്നു.
അതേസമയം, ബാഴ്‌സലോണയില്‍ വന്‍ അഴിച്ചുപണി നടത്താനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് ബാഴ്‌സയെ തോല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളില്‍ ചിലരെ പുറത്താക്കാന്‍ ബാഴ്‌സലോണ പദ്ധതിയിടുകയായിരുന്നു. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന മെസി ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Carles Puyol opens up the great rivals in his career