| Tuesday, 25th July 2023, 11:00 am

പരസ്പരം കോപ്പിയടിച്ചതുപോലുള്ള റെക്കോഡുകള്‍; അന്തം വിട്ട് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരായ സഹീര്‍ ഖാന്റെയും ഇഷാന്ത് ശര്‍മയുടെയും സ്റ്റാറ്റ്‌സുകള്‍ കണ്ടാണ് ക്രിക്കറ്റ് ലോകം അമ്പരന്നിരിക്കുന്നത്. ഇന്ത്യക്കായി ടെസ്റ്റില്‍ പന്തെറിഞ്ഞതില്‍ അത്യപൂര്‍വ സാമ്യതയാണ് ഇരുവരും വെച്ച് പുലര്‍ത്തുന്നത്.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയുടെ രണ്ടാം ടെസ്റ്റിന്റെ അനാലിസിസിനിടെയാണ് ഇരുവരുടെയും റെക്കോഡ് നേട്ടങ്ങള്‍ ചര്‍ച്ചയായത്. ഇവരുടെ കരിയറിലെ സാമ്യത കണ്ട സഹ പാനലിസ്റ്റുകളായ വസീം ജാഫറും ആകാശ് ചോപ്രയും അന്തംവിട്ട് നില്‍ക്കുകയായിരുന്നു.

ആവറേജിലും സ്‌ട്രൈക്ക് റേറ്റിലും ഏതാണ്ട് സാമ്യത പുലര്‍ത്തിയ ഇരുവരുടെ വിക്കറ്റ് നേട്ടങ്ങളാണ് ചര്‍ച്ചയാകുന്നത്. ഇരുവരും നാഷണല്‍ ടീമിന് വേണ്ടി കളിച്ച മത്സരങ്ങളുടെ എണ്ണത്തില്‍ മാത്രമാണ് പ്രകടമായ വ്യത്യാസമുള്ളത്.

സഹീര്‍ ഇന്ത്യക്കായി 92 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 105 മത്സരത്തിലാണ് ഇഷാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 92 മത്സരത്തില്‍ നിന്നും സഹീര്‍ 311 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ 105 മത്സരത്തില്‍ നിന്നും 311 വിക്കറ്റ് തന്നെയാണ് ഇഷാന്തും വീഴ്ത്തിയത്.

32.94 എന്ന ആവറേജിലും 60.4 എന്ന സ്‌ട്രൈക്ക് റേറ്റിലും സഹീര്‍ പന്തെറിഞ്ഞപ്പോള്‍ 32.40 എന്ന ശരാശരിയിലും 61.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ഇഷാന്ത് പന്തെറിഞ്ഞത്.

സാമ്യതകള്‍ ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇരുവരും കരിയറില്‍ അഞ്ച് വിക്കറ്റ് നേട്ടം 11 തവണ സ്വന്തമാക്കിയപ്പോള്‍ ഒരു തവണ വീതമാണ് പത്ത് വിക്കറ്റ് നേട്ടം കൈപ്പിടിയിലൊതുക്കിയത്.

ഹോം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലും വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണവും ഒന്നുതന്നെയാണ് എന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യന്‍ മണ്ണില്‍ ഇരുവരും 104 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിദേശ പിച്ചുകളില്‍ 207 വിക്കറ്റാണ് ഇരുവരുടെയും സമ്പാദ്യം.

അതേസമയം, രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം മഴയെടുത്തതോടെ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ പരമ്പര വൈറ്റ്‌വാഷ് ചെയ്യാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേലെയും കരിനിഴല്‍ വീണു.

എങ്കിലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കുകയും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിള്‍ വിജയത്തോടെ തുടങ്ങുകയും ചെയ്തു.

ആദ്യ മത്സരത്തില്‍ പരമ്പര വിജയം സ്വന്തമാക്കിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. രണ്ടാം മത്സരം സമനിലയിലായെങ്കിലും വിരാടിന്റെയും സിറാജിന്റെയും പ്രകടനങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കിയിരുന്നു.

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയാണ് നടക്കാനുള്ളത്. ജൂലൈ 27നാണ് പരമ്പരയിലെ ആദ്യ മത്സരം. ബാര്‍ബഡോസിലെ കെസിങ്ടണ്‍ ഓവലാണ് വേദി.

Content Highlight: Career Stats of Zaheer Khan and Ishant Sharma

Latest Stories

We use cookies to give you the best possible experience. Learn more