ഒരിക്കല്‍ ആഗ്രഹിച്ചതൊന്നും നേടാനാകാതെ നിന്നവന്‍, ഇന്ന് രജിനിയുടെ സിനിമയില്‍ നായകന്‍- വിഷ്ണു വിശാലിന്റെ കരിയര്‍ വളര്‍ച്ച
Entertainment
ഒരിക്കല്‍ ആഗ്രഹിച്ചതൊന്നും നേടാനാകാതെ നിന്നവന്‍, ഇന്ന് രജിനിയുടെ സിനിമയില്‍ നായകന്‍- വിഷ്ണു വിശാലിന്റെ കരിയര്‍ വളര്‍ച്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 6:50 pm

രാക്ഷസന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് വിഷ്ണു വിശാല്‍ മലയാളികള്‍ക്ക് പരിചിതനായത്. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് അതിഥി വേഷത്തിലെത്തുന്ന ലാല്‍ സലാം എന്ന സിനിമയില്‍ നായകനുമായിരിക്കുകയാണ്. എന്നാല്‍ അതിന് മുമ്പ് നമുക്ക് അത്ര പരിചയമില്ലാത്ത ഒരു വിഷ്ണു വിശാലുണ്ട്. ആഗ്രഹിച്ച കരിയര്‍ എത്തിപ്പിടിക്കാനാകാതെ തോല്‍വിയോട് പോരാടിയവന്‍.

എം.ബി.എ പഠനം പൂര്‍ത്തിയാക്കിയ വിഷ്ണു തമിഴ്‌നാട്ടിലെ ടി.എന്‍.സി.എ ലീഗ് മത്സരങ്ങളിലെ അറിയപ്പെടുന്ന താരമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വന്ന കാലിലെ പരിക്ക് താരത്തെ ക്രിക്കറ്റ് കളിക്കാന്‍ പറ്റാതാക്കി. മാസങ്ങളോളം താരം പരിക്കിന്റെ പിടിയിലായിരുന്നു. ക്രിക്കറ്റില്‍ ഇനി തനിക്ക് ഭാവിയില്ലെന്ന് മനസിലാക്കിയ താരം തളര്‍ന്നു. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാതായി. ആ സമയത്ത് നിരവധി സിനിമകള്‍ കണ്ട് സിനിമാനടനാകണമെന്ന ലക്ഷ്യം ഉദിച്ചത്.

പിന്നീട് അതിനുവേണ്ടി പരിശ്രമിക്കാന്‍ തുടങ്ങി. ഒരുപാട് തവണ പരിശ്രമിച്ചെങ്കിലും ആദ്യമൊന്നും അവസരം ലഭിച്ചില്ല. 2008ല്‍ ആദ്യ ഐ.പി.എല്‍ സീസന്റെ മത്സരം ചെന്നൈയില്‍ നടക്കുന്നത് കാണാന്‍ വിഷ്ണുവും കൂട്ടുകാരും പോയിരുന്നു. അന്ന് ആ മാച്ച് കാണാന്‍ രജിനികാന്തും ഉണ്ടായിരുന്നു. വിഷ്ണു വിശാലും കൂട്ടുകാരും നിന്ന ഗാലറിയുടെ തൊട്ടടുത്തായിരുന്നു രജിനി വന്നത്. കണ്‍മുന്നില്‍ ഒരുകാലത്ത് തനിക്ക് എല്ലാമെല്ലാമായിരുന്ന ക്രിക്കറ്റ്. തെട്ടടുത്ത് താന്‍ ഇപ്പോള്‍ സ്വപ്‌നം കാണുന്ന സിനിമയിലെ ഏറ്റവും വലിയ സ്റ്റാര്‍.

മനസുതളര്‍ന്ന വിഷ്ണു മാച്ച് കാണാതെ അവിടുന്ന് ഇറങ്ങി. പഴയതിനെക്കാള്‍ വാശിയോടെ സിനിമക്ക് വേണ്ടി പ്രയത്‌നിക്കാന്‍ തുടങ്ങി. സുശീന്ദ്രന്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രമായ വെണ്ണിലാ കബഡി കുഴു എന്ന സിനിമയില്‍ നായകനാവാന്‍ അവസരം കിട്ടി. സിനിമയില്‍ കബഡി കളിക്കാരനാവാന്‍ വേണ്ടി മണിക്കൂറുകളോളം വെയിലില്‍ നിന്ന് നിറം കുറച്ചു. ചിത്രം സൂപ്പര്‍ഹിറ്റായി മാറി. പിന്നീട് കരിയര്‍ മികച്ച രീതിയില്‍ തന്നെയായിരുന്നു മുന്നോട്ട് പോയത്. 2014ല്‍ റിലീസായ ജീവാ എന്ന സിനിമ വിഷ്ണുവിനെ സംബന്ധിച്ച് ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. ക്രിക്കറ്റിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ജീവ എന്ന യുവാവിന്റെ എല്ലാ ഇമോഷനുകളും വിഷ്ണുവിന്റെ കൈയില്‍ ഭദ്രമായിരുന്നു.

2018ല്‍ റിലീസായ രാക്ഷസന്‍ എന്ന സിനിമയാണ് വിഷ്ണുവിന്റെ കരിയര്‍ മാറ്റിമറിച്ചത്. തമിഴിലെ നിരവധി സൂപ്പര്‍താരങ്ങള്‍ ഒഴിവാക്കിയ സ്‌ക്രിപ്റ്റ് വിഷ്ണുവിന്റെ കൈയിലേക്കെത്തുമ്പോള്‍ താരം രണ്ടാമതൊന്ന് ആലോചിക്കാതെ ആ സിനിമ ചെയ്തു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി രാക്ഷസന്‍ മാറി. ഇന്നും ഏതെങ്കിലും ത്രില്ലര്‍ സിനിമ മലയാളത്തിലോ തമിഴിലോ ഇറങ്ങുമ്പോള്‍ രാക്ഷസന്റെ ലെവല്‍ ഉണ്ടോ എന്ന് ചോദിക്കുന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ വിജയം.

എന്നാല്‍ വിഷ്ണുവിന്റെ വളര്‍ച്ച അവിടം കൊണ്ടും നിന്നില്ല. 2023ല്‍ ഐശ്വര്യ രജിനികാന്ത് തന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തു. ക്രിക്കറ്റ് പ്രധാന പ്രമേയമായി വരുന്ന സിനിമയില്‍ വിഷ്ണു വിശാലിനെയും വിക്രാന്തിനെയും നായകന്മാരായി പ്രഖ്യാപിക്കുന്നു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥആപാത്രമായി രജിനികാന്തും എത്തുന്നു എന്നും അനൗണ്‍സ് ചെയ്തു. ഒരിക്കല്‍ രജിനിയുടെ മിന്നില്‍ വെച്ച് തന്റെ സ്വപ്‌നങ്ങളൊന്നും നേടാനാവാതെ തളര്‍ന്നുപോയവന്‍ ഇന്ന് ക്രിക്കറ്റ് പ്രമേയമായി വന്ന സിനിമയില്‍ രജിനിയോടൊപ്പം അഭിനയിക്കുന്നു.

തോല്‍വികളില്‍ തളരാതെ മുന്നോട്ട് പോവാന്‍ വിഷ്ണു വിശാല്‍ കാണിച്ച ആത്മവിശ്വാസം ബാക്കിയുള്ളവര്‍ക്കും പ്രചോദനമാണ്. സിനിമയില്‍ ഇനിയും ഉയരങ്ങളിലെത്താന്‍ താരത്തിനാവട്ടെ.

Content Highlight: Career Growth of Vishnu Vishal