| Tuesday, 30th January 2024, 6:10 pm

ചേട്ടന്‍ ടീമിലെത്തിയത് ഒന്ന് ആഘോഷിച്ചതാ... ഇന്നലെ ചേട്ടന്റെ ദിവസം, ഇന്ന് അനിയന്റേയും

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന നിമിഷമാണ് കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിലെത്താന്‍ സര്‍വധാ യോഗ്യനായിട്ടും അവസരം ലഭിക്കാതെ പോയ സര്‍ഫറാസ് ഖാനെ ആദ്യമായി ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതായി അപെക്‌സ് ബോര്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലാണ് സര്‍ഫറാസ് ഉള്‍പ്പെട്ടിരിക്കുന്നത്. സര്‍ഫറാസിന് പുറമെ സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും സ്‌ക്വാഡിന്റെ ഭാഗമായിട്ടുണ്ട്.

കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായതോടെയാണ് മൂവരും ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായത്.

തിങ്കളാഴ്ച സര്‍ഫറാസ് തന്റെ ഏറ്റവും വലിയ സ്വപ്‌നത്തിലേക്ക് ഒരു ചുവടുകൂടി അടുത്തപ്പോള്‍ ഇന്ത്യക്കായി വീണ്ടും സെഞ്ച്വറി നേടി തിളങ്ങുകയാണ് അനുജന്‍ മുഷീര്‍ ഖാന്‍. അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് മുഷീര്‍ വീണ്ടും സെഞ്ച്വറി നേടിയത്.

മംഗൗങ് ഓവലില്‍ നടക്കുന്ന സൂപ്പര്‍ സിക്‌സ് മത്സരത്തിലാണ് മുഷീര്‍ സെഞ്ച്വറി നേടിയത്. 126 പന്തില്‍ 131 റണ്‍സാണ് താരം സ്വന്തമാക്കിയത്. 13 ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു മുഷീറിന്റെ ഇന്നിങ്‌സ്.

മുഷീറിന്റെ വെടിക്കെട്ടിന് പിന്നാലെ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് നേടിയത്.

ടൂര്‍ണമെന്റില്‍ മുഷീറിന്റെ രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ 106 പന്തില്‍ 118 റണ്‍സ് നേടിയിരുന്നു. ഇതിന് പുറമെ യു.എസ്.എക്കെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മുഷീര്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ 103.71 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 81.25 എന്ന ശരാശരിയിലും 325 റണ്‍സാണ് മുഷീര്‍ നേടിയത്.

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 296 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കം പിഴച്ചു. ആദ്യ ഓവറില്‍ ഒരു റണ്‍സ് പോലും നേടാന്‍ സാധിക്കാതെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടാണ് കിവികള്‍ പതറുന്നത്.

Content Highlight: Career defining moments for  Sarfaraz Khan and Musheer Khan

We use cookies to give you the best possible experience. Learn more