| Friday, 30th March 2018, 5:57 pm

ഭരണഘടനയ്ക്ക് മുന്‍പുള്ള ഏതോ കാലത്താണോ ഈ പുരോഹിതന്മാരൊക്കെ ഇപ്പോഴും ജീവിക്കുന്നത്; വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തെ നിയമങ്ങള്‍ വച്ച് സഭാകാര്യങ്ങളില്‍ ഇടപെടരുതെന്ന സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പരാമര്‍ശത്തിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. സഭാ നിയമത്തിനാണോ രാജ്യ നിയമത്തിനാണോ മുന്‍തൂക്കം എന്ന തര്‍ക്കമൊക്കെ പതിനേഴാം നൂറ്റാണ്ടില്‍ത്തന്നെ പരിഹരിച്ചതല്ലേ എന്ന് വി.ടി ബല്‍റാം ചോദിച്ചു.

ജ്ഞാനോദയം, നവോത്ഥാനം, ദേശീയത, ജനാധിപത്യം, മതേതരത്വം, ഭരണഘടന, നിയമവാഴ്ച എന്നിവക്കൊക്കെ മുന്‍പുള്ള ഏതോ കാലത്താണോ ഈ പുരോഹിതന്മാരൊക്കെ ഇപ്പോഴും ജീവിക്കുന്നത്? എന്നും ബല്‍റാം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചോദിച്ചു.

സഭ പാലിക്കുന്ന കാനോന്‍ നിയമങ്ങള്‍ കോടതിനിയമത്തില്‍ നിന്നും വ്യത്യസ്തമാണ്. സഭാ നിയമങ്ങള്‍ക്കാണ് വിശ്വാസി പ്രാധാന്യം നല്‍കേണ്ടതെന്നും ഒരു കോടതി വിധി കൊണ്ട് സഭയെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ആരും കരുതേണ്ടെന്നുമായിരുന്നു ആലഞ്ചേരി പറഞ്ഞത്.

ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ ദു:ഖവെള്ളി പ്രാര്‍ഥനകള്‍ക്കിടയിലാണ് മാര്‍ ആലഞ്ചേരി ഇത്തരത്തിലൊരു വിവാദ പരാമര്‍ശം നടത്തിയത്.

അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ കുറ്റക്കാരനാണെന്നും ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കര്‍ദ്ദിനാള്‍ നിയമത്തിനതീതനല്ലെന്നും രാജ്യത്തെ എല്ലാവര്‍ക്കും ഒരേ നിയമമാണുള്ളതെന്നും അത് പാലിക്കാന്‍ കര്‍ദ്ദിനാള്‍ ബാധ്യസ്ഥനാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more